കാസർകോട് മെഡി.കോളേജ്: മെഡി. കൗൺസിലിന് മൗനം, എം.ബി.ബി.എസ് പ്രവേശനം ഈ വർഷവും നടക്കില്ല
കാസർകോട്: ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ വാഗ്ദാനം ചെയ്ത കാസർകോട് മെഡിക്കൽ കോളേജ് ഈ അദ്ധ്യയനവർഷവും യാഥാർത്ഥ്യമാവില്ല. സൗകര്യങ്ങൾ വിലയിരുത്താൻ നാഷണൽ മെഡിക്കൽ കൗൺസിൽ ജൂലായ് മാസത്തിൽ പരിശോധന നടത്തിയെങ്കിലും അനുമതി നൽകിയിട്ടില്ല. നിഷേധിച്ചതായി അറിയിച്ചതുമില്ല. ഈ വർഷത്തെ എം.ബി.ബി.എസ് പ്രവേശന നടപടികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞതിനാൽ ഇക്കുറി സാദ്ധ്യത അടയുകയും ചെയ്തു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിന്ന് 27 കിലോമീറ്റർ ഇപ്പുറമുള്ള കാസർകോട് ജനറൽ ആശുപത്രിയാണ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലായി സജ്ജമാക്കിയത്. താൽക്കാലിക സംവിധാനം എന്ന നിലയിലാണിത്. ജനറൽ ആശുപത്രിക്ക് കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയെന്ന ബോർഡും വച്ചു.
220 കിടക്കകളുള്ള ആശുപത്രി, മൂന്ന് വർഷത്തെ കിടത്തി ചികിത്സാപരിചയം തുടങ്ങിയ നിബന്ധനകൾ പാലിച്ചുവെന്നാണ് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ അവകാശപ്പെടുന്നത്.
ജൂലായ് ഒന്നിന് നടത്തിയ ഓൺലൈൻ ഇൻസ്‌പെക്ഷനിൽ ആശുപത്രിയുടെ ദൃശ്യങ്ങൾ, ഒ.പി, ഐ.പി സൗകര്യങ്ങൾ, ആശുപത്രി കെട്ടിടം തുടങ്ങിയവയാണ് പരിശോധിച്ചത്.
ഡെപ്യുട്ടേഷനിൽ നിയമിതരായ ഡോക്ടർമാരും ജീവനക്കാരും വെർച്വൽ മീറ്റിൽ ഹാജരായി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന അവലോകന യോഗത്തിൽ ഈ വർഷം എം.ബി.ബി.എസ് പ്രവേശനം നടക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിക്കുകയും ചെയ്തിരുന്നു.
രണ്ട് തവണ തറക്കല്ലിട്ടു;
12 വർഷത്തെ കാത്തിരിപ്പ്
2013 നവംബർ 30 നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉക്കിനടുക്കയിൽ തറക്കല്ലിട്ടത്. 500 കിടക്കകളുള്ള ആശുപത്രിയും 100 വിദ്യാർത്ഥികൾക്ക് പഠനവുമാണ് ലക്ഷ്യമിട്ടത്, 2015 ൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. ഒപ്പം തറക്കല്ലിട്ട കോന്നി, ഇടുക്കി, മഞ്ചേരി, പാലക്കാട് മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമായെങ്കിലും കാസർകോട് മുടന്തി. 2014 ൽ ആശുപത്രി കെട്ടിട നിർമ്മാണത്തിന് 62.45 കോടിയുടെ ഭരണാനുമതി നൽകി.
# മൂന്നുവർഷം കഴിഞ്ഞപ്പോൾ
2017ൽ എൽ.ഡി.എഫ് സർക്കാർ അടങ്കൽ തുക 95.8 കോടിയാക്കി പുതുക്കി. അനുമതി നൽകിയ പദ്ധതികൾക്ക് 2018 നവംബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു.നിലവിൽ അക്കാഡമിക്ക് ബ്ലോക്കിൽ പേരിനുമാത്രമാണ് ഒ.പി ചികിത്സ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുള്ള സൗകര്യം മാത്രമാണിത്.
``നാഷണൽ മെഡിക്കൽ കൗൺസിൽ തീരുമാനം അറിയിച്ചിട്ടില്ല. മറ്റ് സാങ്കേതിക തടസ്സങ്ങൾ ഇല്ലാത്തതിനാൽ അംഗീകാരം തരും എന്നാണ് പ്രതീക്ഷ.``
-ഡോ. ആർ. പ്രവീൺ
മെഡി. കോളേജ് സൂപ്രണ്ട്