മാങ്കോട് രാധാകൃഷ്ണൻ സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

Saturday 09 August 2025 11:00 PM IST

തിരുവനന്തപുരം : മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണനെ സി.പി. ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ സമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റായിരുന്നു.12 വർഷക്കാലം സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ആയിരുന്നു. 1994 മുതൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ അംഗമാണ്. 2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു.

53 പൂർണ അംഗങ്ങളും 5കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പടെ 58 അംഗ ജില്ലാ കൗൺസിലിനേയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു.