പ്രവാസികളുടെ ഭൂമിയിൽ പഴം പച്ചക്കറി കൃഷിയുമായി സഹ. വകുപ്പ്

Sunday 10 August 2025 12:00 AM IST

തിരുവനന്തപുരം: പ്രവാസികൾ നാട്ടിൽ തരിശാക്കിയിടുന്ന ഭൂമിയിൽ പഴം പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമായി സഹകരണ വകുപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ 12ന് പത്തനംതിട്ടയിൽ പരിപാടി ആരംഭിക്കും. വിജയിച്ചാൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെയാണ് കൃഷി നടത്തുന്നത്. വില്പന സാദ്ധ്യതയുള്ള അവോക്കാഡോ,ഡ്രാഗൺ ഫ്രൂട്ട്,കിവി,മാംഗോസ്റ്റീൻ,റംബുട്ടാൻ എന്നിവയാണ് കൃഷി ചെയ്യുക. നട്ട് നാലാംവർഷം മുതൽ വിളവെടുക്കാം. 15വർഷം വരെ ഫലം കിട്ടും. ചെലവ് സഹകരണസംഘം വഹിക്കും. കായഫലങ്ങൾ ആഭ്യന്തര,രാജ്യാന്തര വിപണികളിൽ എത്തിക്കാനായി കോഓപ്പറേറ്റീവ് ഉത്പന്നങ്ങൾ പ്രത്യേക ബ്രാൻഡിംഗ് നടത്തും. ജാം,സ്‌ക്വാഷ്,ഫ്രോസൺ ഫ്രൂട്ട്,ഡ്രൈ ഫ്രൂട്ട് തുടങ്ങിയവയുടെ മൂല്യവർദ്ധിത യൂണിറ്റുകളും സ്ഥാപിക്കും. പത്തനംതിട്ടയിൽ 50ഏക്കറിലാണ് ആദ്യഘട്ടത്തിൽ കൃഷി ആരംഭിക്കുന്നത്.