കോട്ടയം ജില്ലാ സമ്മേളനത്തിൽ വിമർശനം, കേരള കോൺഗ്രസിൽ നിന്ന് വന്നത് നേതാക്കൾ മാത്രമെന്ന് സി.പി.ഐ

Sunday 10 August 2025 12:15 AM IST

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽ നിന്ന് നേതാക്കൾ മാത്രമാണ് ഇടതുമുന്നണിയിലേക്ക് വന്നതെന്നും അണികളിൽ ഭൂരിഭാഗവും ഇപ്പോഴും യു.ഡി.എഫിലാണെന്നുമുള്ള കുറ്റപ്പെടുത്തലുമായി സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം സംഘടനാ റിപ്പോർട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ മത്സരിച്ചിട്ടും കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും പിന്നിലായത് ഇതുകൊണ്ടാണ്. എന്നാൽ സി.പി.എം മുന്നണിയിൽ കേരള കോൺഗ്രസിന് അമിത പ്രാധാന്യം നൽകുകയാണെന്നും സെക്രട്ടറി അഡ്വ.വി.ബി.ബിനു അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സർക്കാരിന്റെ മദ്യനയത്തിലും രൂക്ഷവിമർശനമാണുള്ളത്. ഇടതുപക്ഷത്തിന്റെ അടിത്തറയായ കള്ളുചെത്തു തൊഴിലാളികളെ മറന്ന് ബാർ മുതലാളിമാരെ സർക്കാർ ചേർത്തുപിടിക്കുന്നു. ബാറുകളുടെ ദൂരപരിധി കുറച്ച സർക്കാർ കള്ളുഷാപ്പുകളുടെ കാര്യത്തിൽ 400 മീറ്റർ പരിധി നിലനിറുത്തി. ചെത്ത് തൊഴിലാളികളോടുള്ള അനീതി പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. എ.ഐ.വൈ.എഫിന്റെ പ്രവർത്തനം സമൂഹമാദ്ധ്യമങ്ങളിൽ മാത്രമായി. നേതാക്കളിൽ പലരും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് ആഡംബരഭ്രമത്തിലാണ്. ഏറ്റുമാനൂർ, കടുത്തുരുത്തി മണ്ഡലങ്ങളിൽ വിഭാഗീയത രൂക്ഷമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടായില്ലെന്നുമുള്ള സ്വയംവിമർശനവും റിപ്പോർട്ടിലുണ്ട്.