തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് , അന്വേഷണം വേണം : വി.എസ്. സുനിൽ കുമാർ
തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ മന്ത്രി വി.എസ് സുനിൽ കുമാർ. കഴിഞ്ഞ ദിവസം കമ്മിഷന്റെ സൈറ്റിൽ കയറിയപ്പോൾ സാങ്കേതിക പ്രശ്‌നം കാണിച്ചത് സംശയാസ്പദമാണെന്ന് വാർത്താ സമ്മേളനത്തിൽ സുനിൽ കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. മുൻ കളക്ടറും തിരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജയ്ക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ ടീമിലേക്കാണ് കൃഷ്ണതേജ പോയത്. അവസാനഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. ആലത്തൂർ,തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടർമാരെ തൃശൂരിൽ ചേർത്തു. തൃശൂരിലെ വോട്ടർ പട്ടികയിലെ സംശയങ്ങൾ ദുരീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.
സുരേഷ് ഗോപിക്കെതിരെ കോൺ.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലും അനധികൃത വോട്ട് ചേർത്തെന്ന പരാതിയുമായി കോൺഗ്രസ്. സുരേഷ് ഗോപിയുടെ വീട്ടിലുള്ള 11 വോട്ടുകളാണ് തിരഞ്ഞെടുപ്പ് സമയത്ത് ചേർത്തത്. ഇപ്പോൾ ആ വീട്ടിൽ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കി.