സറ എഫ്.എക്‌സ് തട്ടിയത് കോടികൾ
കൊച്ചി: സൈപ്രസ് ആസ്ഥാനമായ സറ എഫ്.എക്‌സ് ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിച്ച് നിക്ഷേപ പദ്ധതികളുടെ പേരിൽ കോടികൾ തട്ടിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ഇവരുടെ നാലുകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 3.9കോടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. സറ എഫ്.എക്‌സിന്റെ സി.ഇ.ഒ ടി.വി. ജംഷീറിന്റെ വീട്ടിലുൾപ്പെടെയാണ് റെയ്ഡ് നടത്തിയത്. വിദേശനാണ്യ വിനിമയ സ്ഥാപനമായ സറ എഫ്.എക്‌സിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുമതിയില്ല. ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെയാണ് ദുരൂഹ അക്കൗണ്ടുകളിലേയ്ക്ക് പണംസ്വീകരിച്ചത്. വൻപലിശ വാഗ്ദാനം ചെയ്‌താണ് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. കള്ളപ്പണം ഉൾപ്പെടെ ഇതുവഴി കടത്തിയതാണ് ഇ.ഡി അന്വേഷിക്കുന്നത്. മൊബൈൽഫോണുകൾ,ഹാർഡ് ഡിസ്‌കുകൾ,വ്യാജരേഖകൾ തുടങ്ങിയവ റെയ്ഡിൽ ഇ.ഡി കൊച്ചി യൂണിറ്റ് പിടിച്ചെടുത്തു. പരിശോധനയിൽ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അന്വേഷണം തുടരുമെന്ന് ഇ.ഡി അറിയിച്ചു.