മരംവെട്ടും,​തെങ്ങിൽ കയറും ഈ അദ്ധ്യാപകൻ

Sunday 10 August 2025 12:35 AM IST

കാളികാവ്: കാളികാവ് ആമപ്പൊയിൽ ജി.യു.പി സ്‌കൂളിൽ കെട്ടിടത്തിനു മുകളിലേക്ക് അപകട ഭീഷണിയായി വളർന്ന വൻ കാഞ്ഞിര മരത്തിന്റെ കൊമ്പുകൾ വെട്ടുന്ന തിരക്കിലാണ് സ്കൂളിലെ അറബി അദ്ധ്യാപകനായ ടി.പി. അബ്ദുസലാം . അദ്ധ്യാപനത്തിനൊപ്പം സ്‌കൂളിലെ വയറിംഗ്, പ്ലമ്പിംഗ്, തേങ്ങയിടൽ തുടങ്ങി എല്ലാ ജോലികളും ഏഴു വർഷമായി സൗജന്യമായി ചെയ്തുനൽകുന്നത് സലാം മാഷാണ്. 2019ലാണ് ഇദ്ദേഹം ഈ സ്‌കൂളിൽ അദ്ധ്യാപകനായി ജോലിക്കെത്തിയത്. അതിനു മുമ്പിൽ നാട്ടിൽ പലവിധത്തിലുള്ള കൂലിപ്പണികൾ ചെയ്തിരുന്നു. ജോലി കിട്ടിയതോടെ തൊഴിൽ രംഗത്തെ തന്റെ കഴിവുകൾ സ്കൂളിനും നാട്ടിനുമായി ഉപയോഗപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. പൂങ്ങോട് തൊടിയപ്പുലത്തുകാരനായ ഇദ്ദേഹത്തിന് സേവനമാണ് ജീവിതം. കാറ്റടിച്ച് ആരുടെയെങ്കിലും വീടിന് മുകളിൽ മരം വീഴുകയോ മരം വീണ് റോഡ് ബ്ലോക്കാവുകയോ ചെയ്താൽ തന്റെ വുഡ് കട്ടറുമായി സലാം ഓടിയെത്തും. സലാം സ്കൂളിലെത്തിയ ശേഷം സ്‌കൂൾ വളപ്പിലെ തെങ്ങുകളിലെ തേങ്ങയിടാൻ ആരെയും വിളക്കേണ്ടി വന്നിട്ടില്ല. തന്റെ അറിവുകളും കഴിവുകളും ആരോഗ്യവും തന്റെ വിദ്യാർത്ഥികൾക്കും സമൂഹത്തിനും നൽകുന്നതിലൂടെയാണ് ജീവിതം അർത്ഥവത്താകുന്നതെന്ന് സലാം പറയുന്നു.

സ്‌കൂളിൽ മാത്രമല്ല പുറത്തും സലാം മാഷ് സേവന സന്നദ്ധനാണ്.

ഷരീഫ്,​ പി.ടി.എ പ്രസിഡന്റ്