റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കണം, പരാതി നൽകി യാത്രക്കാർ

Saturday 09 August 2025 11:48 PM IST
rly

കോഴിക്കോട്: യാത്രക്കാർക്കാവശ്യമായ ആധുനിക സൗകര്യങ്ങളുമൊരുക്കി നവീകരണത്തിന്റെ പാതയിലാണ് റെയിൽവേ സ്റ്റേഷനുകൾ. എന്നാൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ എപ്പോഴും സംശയ നിഴലിലാണ്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും രാത്രി സമയങ്ങളിൽ പ്രധാന സ്റ്റേഷനുകളിൽ പോലും പരിശോധനകൾ നാമമാത്രമാണെന്ന് യാത്രക്കാർ തന്നെ പറയുന്നു. ആർ.പി.എഫ്

(റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ), ജി.ആർ.പി (ഗവൺമെന്റ് റെയിൽവേ പൊലീസ് ) എന്നിവരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയ്ക്കിടെ 64 കാരിയായ വീട്ടമ്മയെ ചവിട്ടിവീഴ്ത്തി പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നത് ട്രെയിൻ യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ സമ്പർക്കക്രാന്തി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനടുത്ത് എത്താറായപ്പോഴാണു മോഷ്ടാവ് തള്ളിയിട്ടത്. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റ തൃശൂർ സ്വദേശിനി അമ്മിണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോഴിക്കോട് റെയിൽവേ ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിക്കായി തെരച്ചിൽ നടത്തുകയാണ്.

വേണം, രാത്രികാല പട്രോളിംഗ്

അന്യ സംസ്ഥാന തൊഴിലാളികളുൾപ്പെടെ വലിയ ജനത്തിരക്കാണ് റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്നത്. റിസർവേഷൻ കമ്പാർട്മെന്റുകളിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ കയറുന്നത് തടയാനുള്ള സംവിധാനങ്ങൾ അത്യാവശ്യമാണ്. സോണൽ തലം മുതൽ സ്റ്റേഷൻ തലം വരെയുള്ള റെയിൽവേ സ്റ്റേഷൻ വികസന സമിതികൾ കൃത്യസമയങ്ങളിൽ യോഗം ചേരാറില്ലെന്നാണ് യാത്രക്കാരുടെ സംഘടനയുടെ ആരോപണം. മലബാർ മേഖലയിൽ പാസഞ്ചർ, മെമു സർവീസുകൾ കുറവായതിനാൽ ദീർഘദൂര ട്രെയിനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതും സുരക്ഷാഭീഷണിയാണെന്നാണ് യാത്രക്കാർ പറയുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്കും, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്

'' വരുമാനം വർദ്ധിപ്പിക്കുന്നതിൽ മാത്രമാണ് റെയിൽവേയുടെ ശ്രദ്ധ. രാത്രിയും പകലും വ്യത്യാസമില്ലാതെ വലിയ ജനത്തിരക്കാണ് റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്നത്. ഈയിടെയായി തെരുവുനായശല്യമുൾപ്പെടെ രൂക്ഷമായിട്ടുണ്ട്.

അതിനനുസൃതമായ സുരക്ഷാ ക്രമീകരണം റെയിൽവേ ഒരുക്കണം.

- സി.ഇ ചാക്കുണ്ണി,

ചെയർമാൻ,

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ