ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ചിറ്റൂർ: ചിറ്റൂർ പുഴയിലെ ഷൺമുഖം കോസ്‌വേയിൽ ഓവിനുള്ളിൽ അകപ്പെട്ട് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ പത്തംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. മധുര രാമനാഥപുരം പോത്തികുളം റൈസ് മിൽ സ്ട്രീറ്റ് പാണ്ടി ദുരെയുടെ മകൻ ശ്രീഗൗതം(21), നെയ്‌വേലി പണ്ട്രുട്ടി ശെടുത്താൻ കുപ്പം, വസന്ത നഗർ കുറുഞ്ഞി സ്ട്രീറ്റ് ചക്രവർത്തിയുടെ മകൻ അരുൺ കുമാർ(21) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ കർപ്പകം കോളേജിൽ രണ്ടാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥികളാണ് ഇവർ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കോസ്‌വേയ്ക്ക് താഴെയുള്ള നീരൊഴുക്കിൽ ഇറങ്ങി കുളിക്കുന്നതിനിടെ അരുൺകുമാർ ഓവിലെ ചുഴിയിൽ അകപ്പെടുകയായിരുന്നു. അരുൺകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗൗതമും ചുഴിയിൽ അകപ്പെട്ടു. ഇവരോടൊപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അരുൺകുമാറിന്റെ മൃതദേഹം കണ്ടെത്തി പുറത്തെടുക്കാനായത്. കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് പ്രദേശത്തെ ഒഴുക്കിനെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്നതാണ് അപകടത്തിനിടയായത്. ചിറ്റൂരിൽ നിന്നുള്ള സ്‌കൂബ ടീം, ഫയർഫോഴ്സ് സംഘം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലത്തെത്തി. മീനാക്ഷിപുരം, ചിറ്റൂർ പൊലീസും എത്തിയിരുന്നു. മൃതദേഹങ്ങൾ ചിറ്റൂർ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നു രാവിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.