ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷം: ദുബായിൽ ഒരുക്കങ്ങൾ
ദുബായ്: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ 24ന് ദുബായിൽ നടക്കുന്ന ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ഗൾഫ് മേഖലകളിൽ പ്രവർത്തിക്കുന്ന പതിനഞ്ചിൽപരം സാംസ്കാരിക സംഘടനകൾ പങ്കെടുക്കും. കെ.എം.സി.സി ദുബായ് പ്രസിഡന്റ് ഡോ.അൻവർ അമീൻ ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദയുമായി കൂടിക്കാഴ്ച നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളടക്കം നൂറോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് അൻവർ അമീൻ അറിയിച്ചു. മേജർ ഒമർ അൽ മർസൂക്കി (ദുബായ് പൊലീസ് ) , വാട്ടർ ആൻഡ് എൻവയൺമെന്റ് മുൻ മിനിസ്റ്റർ ഡോ. മുഹമ്മദ് എസ്.അൽകിൻഡി, ഷെയ്ഖ് ജുമാബിൻ മക് തും അൽ മക് തും ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ യാക്കൂബ് അൽഅലി, മുഹമ്മദ് മുനീർഅവാൻ (ഷെയ്ഖ് മുഹമ്മദ് ഖലീഫബിൻ അൽനഹ് യാൻ പ്രൈവറ്റ് ഓഫീസ് ), എ.ഡി.സി.ബി റീജിയണൽ മാനേജർ മുഹമ്മദ് അൽ ബലായുഷി, ആചാര്യ സദ് വിന്ദർ, അഹമ്മദ് മുഹമ്മദ് സലേ (ദുബായ് പൊലീസ്), എൻജിനിയർ ജാഫർ അബൂബക്കർ അഹ്‌മ്മദി തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികളും പങ്കാളികളാകും. അറബ് സമൂഹ പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാരും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7907111500 ൽ ബന്ധപ്പെടാം.