ജിമ്മിൽ കുഴഞ്ഞുവീണ് മരണം; വ്യായാമത്തിന് മുൻപ് ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
ജിമ്മിൽ വ്യായാമത്തിനിടെ ആളുകൾ കുഴഞ്ഞുവീഴുന്നതും മരിക്കുന്നതുമായ വാർത്തകൾ അടുത്തിടെ ധാരാളമായി കേൾക്കുന്നുണ്ട്. പലരും 40 വയസിന് താഴേയുള്ളവരാണ് ഇത്തരത്തിൽ കുഴഞ്ഞുവീഴുന്നത്. പൂനെയിൽ നിന്നാണ് അവസാനമായി ഒരു വാർത്ത പുറത്തുവന്നത്. 37കാരനായ മിലിന്ദ് കുൽക്കർണിയാണ് ഈ മാസം ആദ്യം മരിച്ചത്. പൂനെയിലെ പിംപ്രി - ചിഞ്ച്‌വാഡിലുള്ള ഒരു ജിമ്മിലാണ് സംഭവം നടന്നത്. സമാനമായ സംഭവം കൊച്ചിയിലും അടുത്തിടെ നടന്നിരുന്നു. ഇങ്ങനെയുള്ള വാർത്തകൾ ആളുകളിൽ വലിയ ആശങ്കയാണ് പടർത്തുന്നത്. എന്നാൽ ശരിക്കും വ്യായാമങ്ങളല്ല ഇതിന് കാരണം. ഇതിനെക്കുറിച്ച് ഫിറ്റ്നസ് ട്രെയിനർ സെയ്ദാലി കേരള കൗമുദി ഓൺലെെനിനോട് സംസാരിക്കുന്നു.
വില്ലനാകുന്നത് വ്യായാമമല്ല
ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ആളുകൾ വ്യായാമം ചെയ്യുന്നതിനെയാണ് കുറ്റം പറയുന്നത്. എന്നാൽ അത് അങ്ങനെയല്ല, അതിന് കാരണം ശരിയായ രീതി പിന്തുടരാത്തതാണ്. ഉദാഹരണത്തിന് ഒരാൾ നീണ്ടകാലം വ്യായാമം ചെയ്യാതെ പെട്ടെന്ന് കൂടുതൽ വർക്കൗട്ട് ചെയ്യും. അവർ ചിലപ്പോൾ 'വാം അപ്പ്' ( വർക്കൗട്ട് ചെയ്യുന്നതിന് മുൻപ് ചെറുതായി ചെയ്യുന്ന വ്യായാമം) പോലും ചെയ്യില്ല. എന്നിട്ട് അമിതമായ ഭാരം എടുക്കുമ്പോൾ ഹൃദയസ്തംഭനം വരാൻ സാദ്ധ്യതയുണ്ട്.
വ്യായാമം മാത്രം ശരിയായി ചെയ്താൽ പോര
വ്യായാമം ശരിയായി ചെയ്യുന്നതിനൊപ്പം ശരിയായ ജീവിതശെെലിയും മുന്നോട്ട് കൊണ്ടുപോകണം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ കഴിച്ച് ശരിയായി ഉറക്കമില്ലാതെ വന്ന് അമിതമായി വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിന് ദോഷമാണ്. ഇത് കുഴഞ്ഞുവീഴുന്നതിനോ ബിപി കുറയുന്നതിനോ കാരണമാകാം. ഈ കാലഘട്ടത്തിൽ ശരീരം ആരോഗ്യപൂർണമായി കൊണ്ടുപോകാൻ വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. എന്നാൽ അത് ശരിയായ രീതിയിൽ ചെയ്യാൻ ശ്രദ്ധിക്കണം. വർക്കൗട്ട് ചെയ്യാൻ സമയം ഒരു പ്രശ്നമല്ല. എപ്പോൾ വേണമെങ്കിലും ചെയ്യാം. പക്ഷേ നാട്ടിൻപ്പുറങ്ങളിൽ കൂടുതലും ആളുകൾ രാവിലെയും വെെകിട്ടുമാണ് വ്യായാമം ചെയ്യുന്നത്. ആഹാരം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളൂ. വ്യായാമത്തിന് മുൻപ് വാം അപ്പ് ഉറപ്പായും ചെയ്തിരിക്കണം. വ്യായാമത്തിനിടെ ഇടയ്ക്ക് ശരീരത്തിന് വിശ്രമം നൽകണം. തുടർച്ചയായി വ്യായാമം ചെയ്തുകൊണ്ടിരിക്കരുത്. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. അതിന് നിങ്ങൾക്ക് ട്രെയിനറുടെ സഹായം തേടാം.
ട്രെയിനറിൽ നിന്ന് മറച്ച് വയ്ക്കരുത്
ഒരാൾക്ക് ഹൃദയസംബന്ധമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഉറപ്പായും അതിനെക്കുറിച്ച് നിങ്ങളുടെ ട്രെയിനറോട് പറഞ്ഞിരിക്കണം. എന്നാൽ മാത്രമേ അനുസരിച്ച് ട്രെയിനർക്ക് വ്യായാമം ചെയ്യാൻ നിർദേശം നൽകാൻ കഴിയു. ഇത് മറച്ചുവച്ചാൽ സാധാരണ ഒരാൾക്ക് കൊടുക്കുന്ന വർക്കൗട്ട് രീതിയായിരിക്കും ട്രെയിനർ നൽകുന്നത്. അത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ കാരണമാകാം. അതിനാൽ നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ ശരിയായ ട്രെയിനറെ ധരിപ്പിക്കണം. രോഗങ്ങളൊന്നുമില്ലാത്തവർ പോലും കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടും മുൻപ് വൈദ്യപരിശോധന നടത്തി ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി ഉറപ്പാക്കണമെന്നാണ് ഡോക്ടർമാർ പോലും ഇപ്പോൾ പറയാറുണ്ട്.