കാണാതായ ഭാര്യയെപ്പറ്റി വിവരമില്ല, ഭർത്താവ് തൂങ്ങിമരിച്ചു
കായംകുളം : ഭാര്യയെ കാണാനില്ലെന്ന് കായംകുളം പൊലീസിൽ പരാതി നൽകി രണ്ടുമാസമായിട്ടും വിവരവും ലഭിക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്.വിനോദിന്റെ ഭാര്യ രഞ്ജിനിയെ (45) ജൂൺ 11ന് രാവിലെ 11ന് ബാങ്കിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ഒരു വിവരവുമില്ലായിരുന്നു. ഇവർ സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാ ബാങ്കിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇവർക്ക് ആകെ മൂന്നു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. സി.സി.ടി.വി പരിശോധിച്ചതിൽ നിന്ന് ഇവർ ബാങ്കിൽ പോയില്ലെന്ന് വ്യക്തമായി. ഓട്ടോറിക്ഷയിൽ കായംകുളത്ത് വന്നിറങ്ങിയ ശേഷം റെയിൽവേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് പോകുന്ന ദ്യശ്യങ്ങൾ ലഭിച്ചിരുന്നു.
മൊബൈൽ ഫോൺ കൊണ്ടുപോകാത്തതിനാൽ ആ വഴിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. രഞ്ജിനിയെ കാണാതായതോടെ വിനോദ് മാനസികമായി തകർന്നിരുന്നു. ഭാര്യ തിരിച്ച് വരണമെന്നും ബാദ്ധ്യതകൾ തീർക്കാമെന്നും കരഞ്ഞ് പറയുന്ന പോസ്റ്റ് വിനോദ് നവമാദ്ധ്യമങ്ങളിൽ ഇട്ടിരുന്നു.വിനോദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ:വിഷ്ണു,ദേവിക.