പീഡനമേറ്റ കുരുന്നിന് കളക്ടറാകാൻ മോഹം
ചാരുംമൂട്: 'മന്ത്രി അങ്കിളേ, എനിക്ക് പഠിച്ച് കളക്ടറാകണം..." അവളെ ചേർത്തുപിടിച്ച് ശിവൻകുട്ടി ഉറപ്പുനൽകി. 'മോളുടെ മോഹം സാധിക്കും. ഒപ്പം ഞങ്ങളുണ്ട്..."
രണ്ടാനമ്മയുടെയും വാപ്പയുടെയും പീഡനങ്ങൾക്കിരയായ നാലാം ക്ളാസുകാരിയെ കാണാൻ എത്തിയതായിരുന്നു മന്ത്രി. അവളിപ്പോൾ താമരക്കുളത്തെ ബന്ധുവീട്ടിലാണ്. ഒപ്പമുണ്ടായിരുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനെ ചൂണ്ടിക്കാട്ടി, ഇത് ഐ.എ.എസുകാരനാണ് മോൾക്ക് പഠിക്കുന്നതിനാവശ്യമായ എന്ത് സഹായവും അദ്ദേഹം നൽകുമെന്നും മന്ത്രി പറഞ്ഞു. പുസ്തകങ്ങളുൾപ്പെടെ ലഭ്യമാക്കാമെന്ന് ഷാനവാസും സമ്മതിച്ചു.
ഇന്നലെ രാവിലെ 11.30ന് മഴ കൂസാതെയാണ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവുമെത്തിയത്. രണ്ടാനമ്മയിൽ നിന്നും അച്ഛനിൽ നിന്നുമേറ്റ ഉപദ്രവങ്ങളൊന്നൊന്നായി കുട്ടി ആവർത്തിച്ചു. നടുക്കത്തോടെ കേട്ടിരുന്ന ശിവൻകുട്ടി ഇനി ആരും മോളെ ഒന്നും ചെയ്യില്ലെന്ന് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. കാൽമണിക്കൂറിലേറെ അവൾക്കൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്. ചോക്ളേറ്റും സമ്മാനിച്ചു. വാപ്പയെ കാണണമെന്നും താക്കീത് ചെയ്ത് വിട്ടാൽ മതിയെന്നും കുട്ടി അപേക്ഷിച്ചെങ്കിലും കാര്യങ്ങൾ പരിശോധിച്ചശേഷം തീരുമാനമെടുക്കാമെന്നായിരുന്നു മറുപടി.