ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക്,​ 410 കോടി നഷ്ടമെന്ന് പാകിസ്ഥാൻ

Sunday 10 August 2025 12:39 AM IST

കറാച്ചി: ഇന്ത്യയുമായുണ്ടായ സംഘർഷം പാകിസ്ഥാന്റെ ഏവിയേഷൻ മേഖലയ്ക്ക് സൃഷ്ടിച്ചത് കനത്ത തിരിച്ചടി. വെറും രണ്ട് മാസം കൊണ്ട് പാകിസ്ഥാൻ എയർപോർട്സ് അതോറിട്ടിയ്ക്കുണ്ടായ (പി.എ.എ) നഷ്ടം 410 കോടി പാകിസ്ഥാനി രൂപയാണ് (127 കോടി ഇന്ത്യൻ രൂപ). പാക് പ്രതിരോധ മന്ത്രാലയം പാർലമെന്റിലാണ് ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള കണക്കുകൾ വ്യക്തമാക്കിയത്.

ഏപ്രിൽ 24ന് ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപരിധിയിൽ വിലക്കേർപ്പെടുത്തിയതാണ് നഷ്ടത്തിൽ കലാശിച്ചത്. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം പാകിസ്ഥാന് നയതന്ത്രതലത്തിൽ ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയിരുന്നു. പിന്നാലെയാണ് വ്യോമപാത അടച്ചത്. ഈ മാസം 24രെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാതയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

# വരുമാനം ഇടിഞ്ഞു

 ഇന്ത്യ പ്രതിദിനം 100-150 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 പാക് പ്രതിദിന വ്യോമ ഗതാഗതത്തിൽ 20% കുറവുണ്ടായി

 പി.എ.എയുടെ ഓവർ ഫ്ലൈ​യിംഗ് വരുമാനത്തിൽ വൻ ഇടിവ്

# നഷ്ടത്തിനും ന്യായീകരണം

നഷ്ടമുണ്ടായിട്ടും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അതിനെ ന്യായീകരിച്ചു. 850 കോടി പാകിസ്ഥാനി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അത്രയും ഉണ്ടായില്ലെന്നുമാണ് ആസിഫിന്റെ വാദം.