കേരളത്തിലെ 7 പാർട്ടികൾക്ക് രജിസ്ട്രേഷൻ പോയി

Sunday 10 August 2025 12:41 AM IST

ന്യൂഡൽഹി: തുടർച്ചയായി ആറുവർഷം ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. ഇതിൽ കേരളത്തിലെ 7 രാഷ്ട്രീയ പാർട്ടികളുമുണ്ട്.

റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഒഫ് കേരള (ബോൾഷെവിക്), ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്യുലർ), നേതാജി ആദർശ് പാർട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), സെക്യുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപബ്ലിക്കൻ പാർട്ടി എന്നിവയാണ് ഒഴിവാക്കപ്പെട്ട കേരളത്തിലെ പാർട്ടികൾ.

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പാർട്ടികൾക്ക് ജനപ്രാതിനിദ്ധ്യ നിയമത്തിലെ സെക്ഷൻ 29ബി പ്രകാരമുള്ള ആദായനികുതി ഇളവിനും അർഹതയുണ്ടാവില്ല. ഇതോടെ,​ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളുടെ എണ്ണം 2,584ൽ നിന്ന് 2,520 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെ 17 പാർട്ടികളുടെയും രജിസ്ട്രേഷൻ റദ്ദായി.

ദേശീയ പാർട്ടികൾ 6

ബി.ജെ.പി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സി.പി.എം, ആംആദ്‌മി പാർട്ടി, ബി.എസ്.പി, എൻ.പി.പി എന്നിവയ്‌ക്കാണ് ദേശീയ പദവിയിലുള്ളത്. 67 സംസ്ഥാന പാർട്ടികളുമുണ്ട്.