സതേൺനോവ മുങ്ങിയ കപ്പലിനടുത്ത്, പരിശോധന ഇന്ന് ആരംഭിക്കും
കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ദൗത്യവുമായി കൊല്ലം പോർട്ടിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ യാനമായ സതേൺനോവ ദൗത്യ സ്ഥലത്തെത്തി. ഇന്ധനം വീണ്ടെടുക്കൽ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധന ഇന്ന് ആരംഭിക്കും.
രണ്ടാഴ്ച മുമ്പ് സതേൺനോവ ദൗത്യസ്ഥലത്താണ് ആദ്യമെത്തിയത്. കൊല്ലം പോർട്ടിലെത്തിയ സാൽവേജ് ഓപ്പറേഷൻ സംഘത്തെ ഓഫ് ഷോർ യാനമായ ഓഫ്ഷോർ മൊണാർക്കിൽ സതേൺനോവയിൽ എത്തിക്കാനുള്ള ശ്രമം കാലാവസ്ഥ പ്രതികൂലമായതിനാൽ രണ്ട് തവണ പരാജയപ്പെട്ടു. ഇതോടെയാണ് സതേൺ നോവ കൊല്ലം പോർട്ടിൽ എത്തിയത്. യാനത്തിലെ 41 ക്രൂവിന് പുറമേ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ 64 സാൽവേജ് ഓപ്പറേഷൻ വിദഗ്ദ്ധരുമായാണ് സതേൺനോവ കപ്പൽ മുങ്ങിയ ഭാഗത്ത് എത്തിയിരിക്കുന്നത്. മുങ്ങൽ വിദഗ്ദ്ധർക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ, ഭക്ഷണം, കുടിവെള്ളം തുടങ്ങിയവയുമാണ് പോയിരിക്കുന്നത്. നാല് മാസത്തേക്കാണ് കരാറെങ്കിലും ഒരു മാസത്തിനുള്ളിൽ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കിയ ശേഷം കൊല്ലത്തേക്ക് മടങ്ങിയെത്തും. മുംബയ് ആസ്ഥാനമായ മെർക്ക് എന്ന സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം. സത്യം ഷിപ്പിംഗ്സ് ആൻഡ് ലോജിസ്റ്റിക്സാണ് കൊല്ലം പോർട്ടിലെ ഏജന്റ്.
പൊങ്ങിയ കണ്ടെയ്നർ കൊല്ലം പോർട്ടിൽ
വ്യാഴാഴ്ച പൊങ്ങിയ കണ്ടെയ്നർ ഇന്നലെ കൊല്ലം പോർട്ടിൽ എത്തിച്ചു. പോളി പ്രൊപ്പലൈൻ നിറച്ചതായിരുന്നെങ്കിലും കണ്ടെയ്നറിന്റെ ഒരുവശം തകർന്നിരുന്നതിനാൽ പൊങ്ങിയപ്പോൾ കാലിയായിരുന്നു. കൊല്ലം പോർട്ടിലുണ്ടായിരുന്ന കനേറ മേഘ് എന്ന ടഗ്ഗ് എത്തിച്ച് കെട്ടിവലിച്ച് കൊണ്ടുവരികയായിരുന്നു.