ആറുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു മരണം
ചേളാരി: കോഴിക്കോട്-തൃശൂർ ആറുവരിപ്പാതയിൽ കാക്കഞ്ചേരിക്കടുത്ത് പൈങ്ങോട്ടൂർമാട്ടിൽ നിറുത്തിയിട്ട ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് രണ്ട് പേർ മരിച്ചു. മിനിലോറി ഡ്രൈവർ കുറുവ പടപ്പറമ്പ് വറ്റല്ലൂരിലെ വലിപറമ്പിൽ അബ്ദുൾ കരീമിന്റെ മകൻ മുഹമ്മദ് ഹനീഫ (37), ഒപ്പമുണ്ടായിരുന്ന രണ്ടത്താണി ചന്തപറമ്പ് പൂവൻചിന മഹല്ലിലെ കുളക്കാട് കുന്നതൊടി വീട്ടിൽ അബുവിന്റെ മകൻ അൻവർ ഖാൻ (25) എന്നിവരാണ് മരിച്ചത്. കല്ലുമായി പോകുന്ന ലോറി തകരാർ സംഭവിച്ചതിനാൽ പാതയിൽ നിറുത്തിയിട്ടതായിരുന്നു. വയനാട്ടിൽ നിന്ന് വരികയായിരുന്ന മിനിലോറി നിറുത്തിയിട്ടിരുന്ന കല്ല് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മിനിലോറിക്കുള്ളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷാപ്രവർത്തകർ ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.