ബ്ളൂബേർഡ് ഉപഗ്രഹവും ഉടൻ വിക്ഷേപിക്കും: ഡോ. നാരായണൻ

Sunday 10 August 2025 2:11 AM IST

തിരുവനന്തപുരം:ലോകത്തെ ഏറ്റവും പുതിയ ഭൂനിരീക്ഷണ ഉപഗ്രഹമായ നിസാർ വിക്ഷേപിച്ചതിന് പിന്നാലെ 6500കിലോഗ്രാം ഭാരമുള്ള ബ്ളുബേർഡ് ഉപഗ്രഹവും ഐ.എസ്.ആർ.ഒ. അമേരിക്കയ്ക്ക് വേണ്ടി ഉടൻ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.വി.നാരായണൻ പറഞ്ഞു.അമേരിക്കയിലെ എ.എസ്.ടി.സ്പെയ്സ് മൊബൈലിന്റെ ഉപഗ്രഹമാണിത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനിയേഴ്സ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷനിലേക്ക് കുതിക്കാനൊരുമ്പെട്ട നാസയുടെ ആക്സിയം 4 മിഷനിൽ ഇന്ധനചോർച്ചയുണ്ടെന്ന് കണ്ടെത്തിയത് ഐ.എസ്.ആർ.ഒ.യുടെ എൻജിനിയർമാരാണ്.അത് ഇന്ത്യയുടെ സാങ്കേതിക നേട്ടമാണ്. അത് കണ്ടെത്താനായിരുന്നില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നു.

അപ്പോളോ ഡിമോറ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനിയേഴ്സ് ചെയർമാൻ ഡോ.എ.വി.വി.പ്രസാദ രാജു അദ്ധ്യക്ഷനായി.തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് എൻ.നാരായണമൂർത്തി,സി.ഇ.ടി.പ്രിൻസിപ്പാൾ ഡോ.കെ.സുരേഷ്, സംഘാടകസമിതി ചെയർമാൻ ഡോ.ബി.അനിൽ,ഡോ.ഡി.ബിജുലാൽ തുടങ്ങിയവർ സംസാരിച്ചു.