ദേശീയപാതയിൽ വൻ സ്പിരിറ്റ് വേട്ട: മിനി ലോറിയിൽ നിന്ന് 2,765 ലിറ്റർ പിടികൂടി
കൊടകര: ദേശീയപാതയിൽ അതിവേഗതയിലെത്തിയ മിനി ലോറിയെ പിന്തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 2,765 ലിറ്റർ സ്പിരിറ്റ് പിടികൂടി. ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജിനെ (33) ചാലക്കുടി ഡിവൈ.എസ്.പി പി.സി ബിജു കുമാറും സംഘവും ചേർന്ന് പിടികൂടിയത്. പേരാമ്പ്ര അടിപ്പാതയോട് ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മിനി ലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച സ്പിരിറ്റ് കണ്ടെത്തിയത്. ഓണത്തോട് അനുബന്ധിച്ച് വ്യാജമദ്യ ഉത്പാദനവും വിതരണവും ഉണ്ടാകാൻ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ചോദ്യം ചെയ്തതിൽ നിന്ന് കൊച്ചിയിലേക്കാണ് സ്പിരിറ്റ് കൊണ്ടുപോയതെന്ന് സുരാജ് പറഞ്ഞു. സ്പിരിറ്റിന്റെ ഉറവിടത്തെ സംബന്ധിച്ചും വില്പനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ കൊടകര പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പി.കെ.ദാസ്,സബ് ഇൻസ്‌പെക്ടർ സി.ഡി.ഡെന്നി,ജില്ലാ ഡാൻസാഫ് അംഗങ്ങളായ സി.ആർ.പ്രദീപ്,പി.പി ജയകൃഷ്ണൻ,സതീശൻ മടപ്പാട്ടിൽ,ടി.ആർ ഷൈൻ,പി.എം മൂസ,വി.യു സിൽജോ,ലിജു ഇയ്യാനി,എ.യു റെജി, എം.ജെ ബിനു,ഷിജോ തോമസ്,സി.കെ ബിജു,സോണി സേവ്യർ,കെ.ജെ ഷിന്റോ,ഇ.എ ശ്രീജിത്ത്,എ.ബി നിഷാന്ത്,സുർജിത്ത് സാഗർ,കൊടകര പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐമാരായ ഷീബ അശോകൻ,കെ.സി ഗോകുലൻ,എം.എസ് ഷിജു എന്നിവരുമുണ്ടായിരുന്നു.