മിഥുന്റെ കുടുംബത്തെ ചേർത്തുപിടിക്കും; പുതിയ വീടൊരുങ്ങുന്നു, ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും

Sunday 10 August 2025 9:57 AM IST

കൊല്ലം: തേവലക്കര സ്‌കൂളിൽ ഷോക്കേ​റ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. സ്‌കൗട്ട് ആൻഡ് ഗെയ്ഡ്സിന്റെ നേതൃത്വത്തിലാണ് നിർമാണം. 'മിഥുന്റെ വീട്, എന്റെയും' എന്ന് പേരിട്ട് നടത്തുന്ന ഭവന നിർമ്മാണത്തിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. മിഥുന്റെ പഴയ വീടിരുന്ന സ്ഥലത്താണ് പുതിയ വീടൊരുങ്ങുന്നത്. മിഥുന്റെ കുടുംബത്തെ വാടക വീട്ടിലേക്ക് മാ​റ്റിയിരിക്കുകയാണ്. അഞ്ച് മാസത്തിനുളളിൽ വീട് നിർമിച്ച് നൽകുമെന്നാണ് കരുതുന്നത്. മിഥുന്റെ കുടുംബത്തെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്നാണ് സ്‌കൗട്ട് ആൻഡ് ഗെയ്ഡ്സ് പ്രതിനിധികൾ അറിയിച്ചത്.

കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കാൻ നേരത്തെ തന്നെ മന്ത്രിസഭായോഗത്തിൽ തീരുമാനമായിരുന്നു. കെഎസ്ഇബി നേരത്തെ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂള്‍ മാനേജ്മെന്റ് പത്ത് ലക്ഷം രൂപയും കുടുംബത്തിന് കൈമാറിയിരുന്നു.

ജൂലായ് 17ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വച്ച് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ഒരുവീടിന്റെ പ്രതീക്ഷയായിരുന്ന കുട്ടി അപ്രതീക്ഷിതമായി ഷോക്കേറ്റ് മരിച്ചതിന്റെ ഞെട്ടൽ ചെറുതായിരുന്നില്ല. നാടിന്റെ നോവായി മിഥുൻ മാറിയപ്പോൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്.