കേരളത്തിലെ പതിവ് കാഴ്‌ച, നിയമപ്രശ്‌നമൊന്നുമല്ല; പാലത്തിന് മുകളിലൂടെ ട്രെയിൻ പോകുമ്പോൾ വണ്ടി നിർത്തി കാത്തിരിക്കാൻ ഒരു കാരണമുണ്ട്

Sunday 10 August 2025 10:19 AM IST

പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ട്രെയിനിന്റെ വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. റോഡിന് മുകളിലുള്ള റെയിൽവേ പാളത്തിലൂടെ ട്രെയിൻ പോകുമ്പോൾ വാഹനങ്ങൾ നിർത്തിയിട്ട് കാത്തിരിക്കുന്നവരാണ് വീഡിയോയിലുള്ളത്. സംഭവം വിചിത്രമായി തോന്നുന്നുണ്ടോ?

ട്രെയിൻ മുകളിലൂടെ പോകുമ്പോൾ റോഡിൽ വണ്ടി നിർത്തിയിട്ട് കാത്തിരിക്കണമെന്നത് ഗതാഗത നിയമമല്ല. സുരക്ഷാ മാനദണ്ഡവുമല്ല. യഥാർത്ഥ കാരണം ഇന്ത്യക്കാർക്ക് മാത്രം അറിയാവുന്ന ഒന്നാണ്. കേരളത്തിലും ഇത് പതിവാണ്. നിരവധി ബൈക്ക് യാത്രക്കാരും ഡ്രൈവർമാരും ട്രെയിൻ പോകുന്നതുവരെ കാത്തിരിക്കുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. 'ട്രെയിൻ പാലത്തിലാണ്, റോഡ് വളരെ ക്ലിയറാണ്. പക്ഷേ ഇപ്പോഴും ഞങ്ങൾ കാത്തിരിക്കുന്നു.'- എന്ന അടിക്കുറിപ്പോടെയായിരുന്നു ഒരു യുവതി എക്സിൽ വീഡിയോ പങ്കുവച്ചത്.

എന്തുകൊണ്ടായിരിക്കാം ആളുകൾ ഇങ്ങനെ ചെയ്യുന്നത് എന്നായിരിക്കും ഏവരും ചിന്തിക്കുന്നത്. ഉത്തരം വളരെ ലളിതമാണ്. ട്രെയിൻ കടന്നുപോകുമ്പോൾ, അതിൽ നിന്ന് മനുഷ്യ വിസർജ്ജ്യം വീഴാനുള്ള സാദ്ധ്യതയുണ്ട്. അതായത് ഇന്ത്യയിലെ പല പഴയ ട്രെയിനുകളിലും വിസർജ്യം നേരിട്ട് ട്രാക്കുകളിലേക്ക് വീഴുമായിരുന്നു. റോഡിന് താഴെയാണ് നിൽക്കുന്നതെങ്കിൽ അത് നിങ്ങളുടെ മേലും പതിച്ചേക്കാം. ബയോ ടോയിലറ്റുകൾ വന്നെങ്കിലും ആളുകൾ പഴയ ഓർമയിലാണ് ഇത്തരത്തിൽ വണ്ടി നിർത്തി ട്രെയിൻ പോകാൻ കാത്തിരിക്കുന്നത്.

'അവർക്ക് ഈ പാലത്തിന്റെ നിർമ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അറിയാം', 'കക്കൂസ് മാലിന്യം നേരിട്ട് അവരുടെ മേൽ വീഴാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്'- തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.