കാർ ഓടിച്ചുപഠിക്കുന്നതിനിടെ ജനറൽ ആശുപത്രിക്ക് മുന്നിൽ വൻ അപകടം; അഞ്ചുപേർക്ക് പരിക്ക്, നാലുപേരുടെ നില അതീവഗുരുതരം

Sunday 10 August 2025 1:19 PM IST

തിരുവനന്തപുരം: കാർ ഫുട്‌പാത്തിലേയ്ക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലാണ് അപകടമുണ്ടായത്. ഫുട്‌പാത്തിലേയ്ക്ക് ഇടിച്ചുകയറിയതിന് പിന്നാലെ നിർത്തിയിട്ട ഓട്ടോയിലും കാർ ഇടിച്ചു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരാണ്. മറ്റുരണ്ടുപേർ വഴിയാത്രക്കാരാണ്. ഒരു ഓട്ടോഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടമുണ്ടാക്കിയ കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാർ ഓടിച്ച വിഷ്‌ണുനാഥ് എന്ന യുവാവിനെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. യുവാവ് വാഹനം ഓടിച്ച് പഠിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിന് അടുത്തിടെ ലൈസൻസ് ലഭിച്ചിരുന്നു. വാഹനം ഓടിച്ചുപഠിക്കാനായി അമ്മാവനൊപ്പമാണ് ഇയാൾ എത്തിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.