"ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ; നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ"

Sunday 10 August 2025 1:45 PM IST

ജയിൽപ്പുള്ളികൾക്കല്ല, കുട്ടികൾക്കാണ് മികച്ച ഭക്ഷണം നൽകേണ്ടതെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ 28 സ്‌കൂളുകളിലെ 7,081 കുട്ടികൾക്കായി ഉമ തോമസ് എം എൽ എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിയായ 'സുഭിക്ഷം തൃക്കാക്കര" ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിദ്യാലയങ്ങളിൽ നൽകുന്നതിനേക്കാൾ മികച്ച ഭക്ഷണമാണ് തടവുകാർ കഴിക്കുന്നത്. കുറ്റം ചെയ്യാത്തവരെ സംരക്ഷിക്കാൻ സർക്കാർ മുൻഗണ നൽകണമെന്നും കുഞ്ചാക്കോ ബോബൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണ സമയത്ത് തനി​ക്കൊപ്പം സന്ദർശനം നടത്താൻ ചാക്കോച്ചനെ മന്ത്രി​ വി​. ശി​വൻകുട്ടി​ സ്നേഹപൂർവം ക്ഷണിച്ചിരുന്നു.

ഇപ്പോഴിതാ ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശിയും വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് കുഞ്ചാക്കോ ബോബനെന്നും ആ കാലമൊക്കെ കഴി‌ഞ്ഞെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ജയിലിലേക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമ താരം കുഞ്ചാക്കോ ബോബൻ...

മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് .....

ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ

ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് ....

നിങ്ങളാ ഹാങ്ങോവറിൽ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ ...