കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം, നാല് പേർക്ക് പരിക്ക്
Sunday 10 August 2025 4:44 PM IST
തൃശ്ശൂർ: തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കുന്നംകുളം കാണിപ്പയ്യൂരിലാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസും കുന്നംകുളം ഭാഗത്ത് നിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ ആറ്പേർ ഉണ്ടായിരുന്നു. ആംബുലൻസിലെ രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമനും കുന്നംകുളം സ്വദേശി പുഷ്പയുമാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അമിത വേഗതയിലായിരുന്ന കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന ആംബുലൻസിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിയുകയും ചെയ്തു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.