ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് പുതിയ വീട് ഒരുങ്ങുന്നു; മന്ത്രി വി. ശിവന്‍കുട്ടി തറക്കല്ലിട്ടു

Sunday 10 August 2025 6:37 PM IST

കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പുതിയ വീട് നിര്‍മ്മിച്ച് നല്‍കുന്നു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വീടിന്റെ തറക്കല്ലിട്ടു. നിലവില്‍ കുടുംബം താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് പുതിയ വീട് പണിയുന്നത്.

പൊതുവിദ്യാഭ്യാസ മന്ത്രി സംസ്ഥാന പ്രസിഡന്റ് ആയ കേരള സ്‌കൗട്ട്‌സ് & ഗൈഡ്സിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം രൂപ ചെലവില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് വീട് നിര്‍മ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, രണ്ട് ശുചിമുറികള്‍, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഏരിയ, സിറ്റ് ഔട്ട്, സ്റ്റെയര്‍കെയ്‌സ് എന്നിവ വീടിന്റെ ഭാഗമായി ഉണ്ടാകും. നാല് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാനാണ് ലക്ഷ്യമിടുന്നത്. വീടിനു പുറമെ, മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ വിവിധ ധനസഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്:

* സംസ്ഥാന സര്‍ക്കാര്‍: 10 ലക്ഷം രൂപ. * പൊതുവിദ്യാഭ്യാസ വകുപ്പ്: 3 ലക്ഷം രൂപ. * കെ.എസ്.ഇ.ബി.: 10 ലക്ഷം രൂപ. * അധ്യാപക സംഘടനയായ കെ.എസ്.ടി.എ.: 11 ലക്ഷം രൂപ.

കൂടാതെ, മിഥുന്റെ അനുജന്റെ വിദ്യാഭ്യാസ ചെലവുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ണ്ണമായും വഹിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ചടങ്ങില്‍ എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, ഡോ. സുജിത്ത് വിജയന്‍ പിള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എ എസ്,കേരള സ്‌കൗട്ട്‌സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി പ്രഭാകരന്‍ എന്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.