കേരളത്തിലെ സ്ത്രീകൾ ശക്തരാണ്: അടൂർ ഗോപാലകൃഷ്ണൻ സുകുമാർ അഴീക്കോട് അവാർഡ് ഷാജി പ്രഭാകരൻ ഏറ്റുവാങ്ങി
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾ ശക്താരാണെന്നും കുടുംബമെന്ന സ്ഥാപനത്തിന്റെ ആധാരം അമ്മയാണെന്നും വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണൻ. ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ അഴീക്കോട് സ്മാരക അവാർഡ് ഡോ. ഷാജി പ്രഭാകരന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. മുഖം നോക്കാതെ സത്യം വിളിച്ചു പറഞ്ഞ ആളാണ് അഴീക്കോട്. എല്ലാത്തിനെയും പറ്റി പരിശോധിക്കുകയും തെറ്റ് തിരുത്തുകയും ചെയ്യുമായിരുന്നു. രോഗികൾക്കും വിദ്യാർത്ഥികൾക്കും സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും സഹായം നൽകുന്ന കൂട്ടായ്മ കൂടിയാണ് അഴീക്കോട് ട്രസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ പ്രാപ്തനാക്കുന്നത് ശരീരത്തിലെ പ്രക്രിയകളാണെന്ന് അവാർഡ് സ്വീകരിച്ചു കൊണ്ട് ഷാജി പ്രഭാകരൻ പറഞ്ഞു.
അനീതിയോട് എതിർപ്പിൻ എന്ന വാഗ്ഭടാനന്ദ വചനമാണ് സുകുമാർ അഴീക്കോട് തന്റെ പ്രഭാഷണങ്ങളിൽ കാത്ത് സൂക്ഷിച്ചതെന്ന് മുഖ്യ പ്രഭാഷകനായ ഡോ. ഇന്ദ്രബാബു പറഞ്ഞു. പ്രഭാഷണം കാരണം വധഭീഷണി നേരിട്ടയാളാണ് അഴീക്കോട്. നിർഭയത്വത്തിന്റെ നിഷ്കളങ്കത സമൂഹത്തെ പഠിപ്പിച്ച അഴീക്കോട് എന്നും ശബ്‌ദിച്ചുകൊണ്ടേയിരിക്കും. സിനിമാ കോൺക്ലേവിൽ അടൂർ പറഞ്ഞ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ചിലരെന്നും ഇന്ദ്രബാബു പറഞ്ഞു.
സുകുമാർ അഴീക്കോട് ട്രസ്റ്റ് ഹാളിൽ നടന്ന പരിപാടിയിൽ ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. നിത്യ രോഗികൾക്കുള്ള സഹായം ഡോ. കെ.സുധാകരൻ നൽകി. ഡോ. വി.ആർ. ജയറാം ചിത്രരചന വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കുളത്തൂർ ശിവാദസൻ സ്വാഗതാവും ദിനേശ് നായർ നന്ദിയും പറഞ്ഞു.