അതുല്യയുടെ മരണം: ഭർത്താവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

Monday 11 August 2025 12:19 AM IST

കൊല്ലം: തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് എസ്.സതീഷിനെ (40) കൊല്ലം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി.രാജു മുൻകൂർ ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് നടപടി.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ സതീഷിനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. വൈകിട്ട് 3 ഓടെ ആശ്രാമത്തെ കൊല്ലം, പത്തനംതിട്ട ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തിച്ചു. വൈദ്യപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്.

ദുബായിൽ ജോലി നഷ്ടപ്പെട്ടെന്നും നാട്ടിലെത്തുമ്പോൾ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നും കാണിച്ച് 28 നാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചത്. 8നാണ് മുൻകൂർ ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതുല്യയുടെ മാതാവ് നൽകിയ പരാതിയിലാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലായ് 19നാണ് അതുല്യയെ ഷാർജയിലെ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി തെക്കുംഭാഗം പൊലീസ് കേസെടുത്തു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

'മുൻകൂർ ജാമ്യം ലഭിച്ചത് അറിഞ്ഞില്ല'

സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് അതുല്യയുടെ പിതാവ് എസ്.രാജശേഖരൻ പിള്ള. നിയമത്തിലെ പഴുതുകളാണ് കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കുന്നത്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. മോളുടെ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരണം. അവൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.