കൊളള നടത്തിയ ടിപ്പുവിന്റെ പടയോട്ടവും മലബാർ ലഹളയും സ്വാതന്ത്ര്യസമരമാക്കാൻ നീക്കം: വെള്ളാപ്പള്ളി നടേശൻ

Sunday 10 August 2025 9:20 PM IST

ചേർത്തല: നാടും ക്ഷേത്രങ്ങളും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാർ ലഹളയും സ്വാതന്ത്ര്യസമരമാക്കാനുളള ശ്രമങ്ങളാണ് നടന്നതെന്നും ഇതിനു പിന്നിൽ സംഘടിത മതശക്തിയുടെ ഭരണസ്വാധീനമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ശാഖാനേതൃ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മലബാർ ലഹള നേരിൽ ബോദ്ധ്യപ്പെട്ട മഹാകവി കുമാരനാശാൻ തന്റെ ദുരവസ്ഥയെന്ന കവിതയിൽ അതിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടിയിട്ടുണ്ട്. മലപ്പുറം പറയുമ്പോൾ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം. മതേതരത്വമല്ല ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നത്. ഒന്നിച്ചു പോരാടി അധികാരത്തിലെത്തിയപ്പോൾ വഞ്ചിച്ച ചരിത്രമാണ് മുസ്ലിംലീഗിന്റേത്. സമുദായത്തിനും സാധാരണക്കാർക്കും വേണ്ടി പറയുമ്പോൾ തേജോവധം ചെയ്യാനും നാവറുക്കാനുമുള്ള സംഘടിത നീക്കമാണു നടക്കുന്നത്.

ജാതി പറയുന്നവർ കേമനും മതേതരത്വം പറയുന്നവർ വഴിയാധാരവുമാകുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.പഞ്ചായത്തിലോ നിയമസഭയിലോ പാർലമെന്റിലോ ആയാലും ഇനി സമുദായാംഗങ്ങളുടെ വോട്ട് സമുദായത്തെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നവർക്കുമാത്രമായിരിക്കണം. ഈഴവർക്ക് അർഹമായ പ്രാതിനിധ്യം നൽകുന്ന പ്രസ്ഥാനങ്ങളെ മാത്രം തിരിച്ചു സഹായിക്കും.

വോട്ടിനു വിലയുണ്ടായാലേ സമുദായത്തിനും സമുദായഅംഗങ്ങൾക്കും വിലയുണ്ടാവുകയുള്ളൂ.താൻ ഈഴത്തി പെറ്റ ഈഴവനാണെന്ന് ആത്മബോധത്തോടെ പറയാൻ ഒരോ സാമുദായാംഗത്തിനും കഴിയണം. അധികാരമോഹികളായ കാലുവാരികൾ ഏതുവഴി നീങ്ങിയാലും സമുദായാംഗങ്ങൾ ഒറ്റക്കെട്ടായി നൽകുന്ന കരുത്തിലാണ് പ്രസ്ഥാനത്തിന്റെ കുതിപ്പെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാർവെളളാപ്പള്ളി സംഘടന വിശദീകരണവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി. മേഖലാ നേതാക്കളായ കെ.പി.നടരാജൻ,വി.പി.തൃദീപ്കുമാർ,ബിജുദാസ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ, യൂണിയൻ അഡ്മിനിസ്‌ടേറ്റർ ടി.അനിയപ്പൻ,പാണാവള്ളി മേഖല ചെയർമാൻ കെ.എൽ.അശോകൻ,ചേർത്തല മേഖല വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ, കൺവീനർ പി.ഡി. ഗഗാറിൻ,അരൂർ മേഖല വൈസ് ചെയർമാൻമാരായ എൻ.ആർ.തിലകൻ,വി.എ.സിദ്ധാർത്ഥൻ,പാണാവള്ളി മേഖല വൈസ് ചെയർമാൻ പ്രകാശൻ തച്ചാപറമ്പിൽ,യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽ ഇന്ദീവരം. ബൈജുഅറുകുഴി,മേഖല കമ്മിറ്റി അംഗങ്ങളായ ജെ.പി. വിനോദ്,ആർ. രാജേന്ദ്രൻ,ടി.സത്യൻ,ആർ.അജയൻ,പി.പി.ദിനദേവ്,വിനോദ് മാത്താനം എന്നിവർ പങ്കെടുത്തു.