സർഫിംഗിൽ വെങ്കല നേട്ടവുമായി രമേശ് ബുധി ഹാൽ: മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ
Monday 11 August 2025 5:35 AM IST
വിഴിഞ്ഞം: ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിൽ കോവളത്തുകാരനായ രമേശ് ബുധിഹാലിന് വെങ്കല നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് രമേശ്. മഹാബലിപുരത്ത് നടന്ന അന്തർദേശീയ സർഫിംഗ് ചാമ്പ്യൻഷിപ്പിലാണ് മെഡൽ നേട്ടം.
കർണാടക സ്വദേശിയായ പരേതനായ ഹനുമന്തപ്പയുടെയും രേണുകയുടെയും മകനാണ് ഈ 26കാരൻ. കരകൗശല വില്പനയ്ക്കായി കുടുംബത്തോടൊപ്പം കോവളത്തെത്തിയ ബുധിഹാൽ 5 വയസു മുതൽ സർഫിംഗ് പരിശീലിക്കുകയാണ്. കോവളം സർഫ് ക്ലബിനെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. നന്നായി മലയാളം സംസാരിക്കുന്ന ബുധിഹാൽ ഇപ്പോൾ സർഫിംഗ് പരിശീലകൻ കൂടിയാണ്. ബുധി ഹാലിന്റെ നേട്ടത്തെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. കോവളത്തെ തിരമാലകളോട് തായംകളിച്ച് തുടങ്ങിയ രമേശ് ബുധിഹാൽ അന്താരാഷ്ട്ര സർഫിംഗിൽ നേടിയത് സമാനതകളില്ലാത്ത നേട്ടമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.