റിപ്പിൾസിന്റെ കണ്ണ് കപ്പിൽ തന്നെ !

Monday 11 August 2025 2:43 AM IST

ആദ്യ സീസണിലെ പിഴവുകൾ തിരുത്തി മുന്നേറാൻ ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം : ആദ്യ സീസണിൽ നന്നായി തുടങ്ങിയെങ്കിലും പിന്നീട് ആ മികവ് നിലനിറുത്താൻ കഴിയാതെപോയ ആലപ്പി റിപ്പിൾസ് പുതിയ സീസൺ കെ.സി.എല്ലിൽ ശുഭപ്രതീക്ഷയിലാണ്. വെടിക്കെട്ട് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്ട‌ൻസിയിൽതന്നെ രണ്ടാം സീസണിലും ഇറങ്ങുമ്പോൾ പിഴവുകൾ നൽകിയ പാഠങ്ങളാണ് തങ്ങൾക്ക് തുണയാവുകയെന്ന് റിപ്പിൾസ് ടീം മാനേജ്മെന്റ് കരുതുന്നു. മുൻ കേരള രഞ്ജി ട്രോഫി നായകൻ സോണി ചെറുവത്തൂരാണ് റിപ്പിൾസിന്റെ മുഖ്യ പരിശീലകൻ.

കഴിഞ്ഞസീസണിൽ മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച റിപ്പിൾസ് ഏറ്റവും അവസാനസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റാൻസിനെ തോൽപ്പിച്ച റിപ്പിൾസിന് പിന്നീട് രണ്ട് തവണ ട്രിവാൻഡ്രം റോയൽസിനെക്കൂടിയേ തോൽപ്പിക്കാനായുള്ളൂ. എങ്കിലും വിഘ്നേഷ് പുത്തൂർ എന്ന കളിക്കാരന് ഐ.പി.എല്ലിലേക്ക് വഴിതുറന്നത് ആലപ്പി റിപ്പിൾസ് നൽകിയ അവസരമാണ്. വിഘ്നേഷിനെപ്പോലെയുള്ള കളിക്കാരെ ഈ സീസണിലും സംഭാവന ചെയ്യാമെന്ന പ്രതീക്ഷയിലാണ് റിപ്പിൾസ്. ഇക്കുറിയും റിപ്പിൾസ് ടീമിലാണ് വിഘ്നേഷ് കളിക്കുന്നത്. അസ്ഹറുദ്ദീനെയും വിഘ്നേഷിനെയും കൂടാതെ ഉപനായകനായി എത്തിയിരിക്കുന്ന അക്ഷയ് ചന്ദ്രൻ, എൻ.പി ബേസിൽ, അഭിഷേക് പി.നായർ,ആദിത്യ ബൈജു,അനുജ് ജോട്ടിൻ തുടങ്ങിയ മികച്ച താരനിരതന്നെ ടീമിനൊപ്പമുണ്ട്. ഇതിലെല്ലാമുപരി കേരള രഞ്ജി ടീമിലെ വെറ്ററൻ ആൾറൗണ്ടർ ജലജ് സക്സേനയുടെ സാന്നിദ്ധ്യം ഇക്കുറി റിപ്പിൾസിന്റെ കരുത്ത് ഇരട്ടിയാക്കും. ജലജ് ആദ്യമായാണ് കെ.സി.എൽ കളിക്കാൻ ഇറങ്ങുന്നത്.

അസ്ഹറുദ്ദീനും ബേസിലും കെ.സി.എല്ലിന്റെ അവസാനഘട്ടത്തിൽ ദുലീപ് ട്രോഫിയിൽ സൗത്ത് സോണിന് വേണ്ടി കളിക്കാൻ പോകുമെന്നതാണ് ടീം നേരിടുന്ന വലിയ വെല്ലുവിളി.അതുകൊണ്ടുതന്നെ ആദ്യഘട്ട മത്സരങ്ങളിൽ വിജയിച്ച് നോക്കൗട്ട് ഉറപ്പാക്കുകയാകും ടീം ലക്ഷ്യമിടുക. അസറിന്റെ അഭാവത്തിൽ അക്ഷയ് ആകും ടീമിനെ നയിക്കുക.

ആലപ്പി റിപ്പിൾസ് ടീം : മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്ടൻ),അക്ഷയ് ചന്ദ്രൻ (വൈസ് ക്യാപ്ടൻ),വിഘ്നേഷ് പുത്തൂർ,അഭിഷേക് പി.നായർ,ആദിത്യ ബിജു.ആകാശ്.സി.പിള്ള,അക്ഷയ് ടി.കെ,അനുജ് ജോട്ടിൻ,അർജുൻ സുരേഷ്, അരുൺ കെ.എ,ബാലു ബാബു,ജലജ് സക്സേന,എം.ശ്രീരൂപ്,മുഹമ്മദ് കൈഫ്,മുഹമ്മദ് നസീൽ,എൻ.പി ബേസിൽ,രാഹുൽ ചന്ദ്രൻ,ശ്രീഹരി എസ്.നായർ.

സപ്പോർട്ടിംഗ് സ്റ്റാഫ് : സോണി ചെറുവത്തൂർ(ഹെഡ് കോച്ച്),സുരാജ് കെ.എസ് ( അസിസ്റ്റന്റ് കോച്ച്), അഭിറാം ഹൃത്വിക് (ഫീൽഡിംഗ് കോച്ച്),കാർത്തിക് രാജൻ ( ബാറ്റിംഗ് കോച്ച്),അർജുൻ അനിൽ(കണ്ടീഷനിംഗ് കോച്ച്),വിജയ് ശ്രീനിവാസൻ (ടീം അനലിസ്റ്റ്),ശ്രീവത്സൻ ( പെർഫോമൻസ് അനലിസ്റ്റ്), ശ്രീജിത്ത് പ്രഭാകരൻ (ഫിസിയോ), ഫർസീൻ( മാനേജർ).

ടീമുടമകൾ : ടി.എസ് കലാധരൻ, റാഫേൽ പാഴോലിപ്പറമ്പിൽ തോമസ്.

ആദ്യ മത്സരം

Vs തൃശൂർ ടൈറ്റാൻസ്

ഓഗസ്റ്റ് 22, 2.30 pm മുതൽ

ബാറ്റിംഗിലും ബൗളിംഗിലും ബാലൻസ്ഡായ ഒരു ടീമിനെയാണ് ഇക്കുറി അണിനിരത്തുന്നത്. അസറുദ്ദീൻ, വിഘ്നേഷ്, ജലസ് സക്സേന,അക്ഷയ് തുടങ്ങിയ കളിക്കാരുടെ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ഫ്ളഡ്ലിറ്റിന് കീഴിൽ പരിശീലിക്കാനുള്ള അവസരമാണ് ചെന്നൈയിൽ ലഭിച്ചത്. ഇത് ഫീൽഡിംഗ് മെച്ചപ്പെടുത്താൻ സഹായിക്കും. അവസാനമത്സരങ്ങളിൽ അസ്ഹറും ബേസിലും ദുലീപ് ട്രോഫിക്ക് പോകുമ്പോൾ ആ പൊസിഷനിലേക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ച താരങ്ങളുണ്ട്.

- സോണി ചെറുവത്തൂർ, ഹെഡ് കോച്ച്.