ജി.എസ്.ടി കുറയ്ക്കണമെന്ന് സ്വർണ വ്യാപാരികൾ
Monday 11 August 2025 12:35 AM IST
കൊച്ചി: സ്വർണാഭരണങ്ങളുടെ ചരക്ക് സേവന നികുതി(ജി.എസ്.ടി) ഒരു ശതമാനമായി കുറയ്ക്കണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ക്യാമ്പ് ആവശ്യപ്പെട്ടു. ജി.എസ്.ടി നിലവിൽ വരുമ്പോൾ പവന് 20,000 രൂപയായിരുന്ന സ്വർണ വില നിലവിൽ 75,000 രൂപയ്ക്ക് മുകളിലാണ്. ഇതോടെ ഓരോ പവൻ വാങ്ങുമ്പോഴും കനത്ത നികുതി ബാദ്ധ്യതയാണ് ഉപഭോക്താക്കൾ നേരിടുന്നത്. കേരളത്തിലെ സ്വർണ്ണ വ്യാപാരികൾ അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങൾ ക്യാമ്പ് ചർച്ച ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അടിയന്തരമായി സമീപിച്ച് പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്താൻ കൗൺസിൽ തീരുമാനിച്ചു. നീലേശ്വരത്ത് നടന്ന സംസ്ഥാന കൗൺസിൽ ക്യാമ്പിൽ പ്രസിഡന്റ് കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി. വി കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.