തീരുവ ആശങ്കയിൽ റബർ, കുരുമുളക് വിപണി

Monday 11 August 2025 12:41 AM IST

കോട്ടയം: അമേരിക്കയുടെ ഇറക്കുമതി തീരുവ വർദ്ധന റബർ വില ഇടിച്ചു. ഷീറ്റ് റബറിന്റെ ബോർഡ് വില 202രൂപയിലേക്കും വ്യാപാരി വില 194ലേക്കും താഴ്ന്നു. ബാങ്കോക്ക് വില 187ലേക്ക് താഴ്ന്നു .

ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ത്യൻ റബർ കയറ്റുമതിക്ക് തിരിച്ചടിയാകും. മാറ്റുകൾ, ഹാൻഡ് ഗ്ളൗസുകൾ, കൺവെയർ ബെൽറ്റുകൾ, ഓട്ടോ ഉത്പ്പന്നങ്ങൾ തുടങ്ങി 7650 കോടി രൂപയുടെ റബർ ഉത്പ്പന്നങ്ങൾ ഇന്ത്യ കയറ്റി അയക്കുന്നുണ്ട്.

ഇലകൊഴിച്ചിലും പട്ടമരപ്പും കൂടിയ സാഹചര്യത്തിൽ കർഷകർ ടാപ്പിംഗ് നടത്തുന്നില്ല. റെയിൽ ഗാർഡ്, വളം, കാടുവെട്ടൽ എന്നിവയ്ക്കും ചെലവ് കൂടി.

ചൈനയിൽ കിലോയ്‌ക്ക് 13 രൂപയും ടോക്കിയോ എട്ട് രൂപയും ബാങ്കോക്കിൽ 16 രൂപയും കുറഞ്ഞു.

കുരുമുളക് ഉപഭോഗം കുറഞ്ഞേക്കും

ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവ കുരുമുളക് കർഷകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. കയറ്റുമതിയെ സാരമായി ബാധിക്കാനിടയുള്ളതിനാൽ വ്യാപാരികൾ കരുതലോടെയാണ് നീങ്ങുന്നത്. എന്നാൽ ഉത്സവ കാലത്തെ ഡിമാൻഡിൽ കഴിഞ്ഞ വാരം കുരുമുളക് വില കിലോയ്‌ക്ക് ഒരു രൂപ ഉയർന്നു. നവരാത്രി ,ദീപാവലി കാലത്ത് വില ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.