അശ്രദ്ധമായ ഡ്രൈവിംഗ്: കർശന നടപടിയെന്ന് ട്രാൻ. കമ്മിഷണർ

Monday 11 August 2025 12:00 AM IST

തിരുവനന്തപുരം: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു. ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയെടുക്കും. വാഹനമേതായാലും അത് ഓടിക്കുന്ന ഡ്രൈവർക്കാണ് ഉത്തരവാദിത്വം. ഉത്തരവാദിത്വം മറക്കുന്ന ഡ്രൈവർമാരാണ് നിരത്തുകളിൽ അപകടങ്ങളുണ്ടാക്കുന്നത്. ഇന്നലെ നടന്ന അപകടങ്ങളുടെ വിശദമായ റിപ്പോർട്ട് ലഭിച്ചതിന് ശേഷം കടുത്ത നടപടികളെടുക്കും.

ഡ്രൈവിംഗ് പരിശീലനത്തിനിടെ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഗുരുതര നിയമലംഘനം നടത്തിയെന്ന് വ്യക്തമായി. ബ്രേക്കിന് പകരം ആക്സിലേറ്റർ നൽകിയതാണ് അപകടകാരണമെന്നാണ് മനസിലാക്കുന്നത്. കാർ ഡ്രൈവ് ചെയ്തിരുന്ന വിഷ്ണുനാഥിന് 2019ൽ ലൈസൻസ് ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ പരിശീലനം നൽകുന്നു എന്ന വിശദീകരണത്തിൽ അവ്യക്തതയുണ്ട്. ഡബിൾ ക്ളച്ച് സംവിധാനം അടക്കം പരിശീലനം നൽകുന്ന കാറിൽ ഉണ്ടാവേണ്ട സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.