ഓൺലൈൻ വഴി മദ്യവില്പന: തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി

Monday 11 August 2025 12:01 AM IST

തിരുവനന്തപുരം: ഓൺലൈൻ വഴിയുള്ള മദ്യവില്പനയ്ക്ക് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി ഇതുസംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. മദ്യനയ രൂപീകരണ സമയത്ത് ഇക്കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും തീരുമാനത്തിലേക്ക് പോയില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് ഓൺലൈൻ വഴി മദ്യവില്പന എന്ന ആശയം കൺസ്യൂമർഫെഡ് മുന്നോട്ട് വച്ചത് വിവാദത്തിന് വഴിവച്ചിരുന്നു. ചില സംസ്ഥാനങ്ങളിലെ ഓൺലൈൻ മദ്യവില്പന ചൂണ്ടിക്കാട്ടി ബെവ്കോ മുൻ എം.ഡി യോഗേഷ് ഗുപ്തയും സർക്കാരിന് ശുപാർശ നൽകിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. അതിനിടയിലാണ് വീണ്ടും ശുപാർശ നൽകിയത്.