സ്ത്രീകളെ കാണാതായ സംഭവം: സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ മൂടിയ കിണർ തുറന്ന് പരിശോധിക്കും
ചേർത്തല: ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ പ്രതി സെബാസ്റ്റ്യൻ കസ്റ്റഡിയിലുണ്ടെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം. ഈ സാഹചര്യത്തിൽ കൊലചെയ്യപ്പെട്ടെന്ന് നിഗമനത്തിലെത്തിയ സ്ത്രീകളുടെ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള നീക്കം ഊർജിതമാക്കി. ജെയ്നമ്മയെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യനിൽ നിന്ന് സൂചന ലഭിച്ചെങ്കിലും ബിന്ദുപദ്മനാഭന്റെയും ഹയറുമ്മ എന്ന ഐഷയുടെയും തിരോധാനത്തിൽ ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. രണ്ടു തവണ തിരച്ചിൽ നടത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ മൂടിയ നിലയിൽ ഒരുകിണർ കൂടിയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഉപയോഗമില്ലാതെ കിടന്നിരുന്ന കിണർ മൂന്നു വർഷം മുമ്പു മൂടിയെന്ന സെബാസ്റ്റ്യനിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ കോട്ടയം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ അടുത്ത ദിവസം ഇത് തുറന്നു പരിശോധനയുണ്ടാകുമെന്നാണ് ആന്വേഷണ സംഘം നൽകുന്ന സൂചന. സഹോദരന്റെ പേരിൽ നഗരത്തിലുള്ള കാടുപിടിച്ചു കിടക്കുന്ന പുരയിടത്തിലും തിരച്ചിലുണ്ടാകും. ഐഷകേസിൽ കൂട്ടുകാരികളായ മൂന്നു സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഐഷയുമായി അടുപ്പമുണ്ടായിരുന്ന റോസമ്മ, ലൈല,സുജാത എന്നിവരുടെമൊഴികൾ നിർണായകമാകും. ഇതിൽ രണ്ടു പേരെ പ്രാഥമികമായ ചോദ്യംചെയ്തു. മൂന്നാമത്തെയാൾ ജില്ലക്കു പുറത്തായതിനാൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാഥമിക മൊഴിയെടുപ്പിനു ശേഷം ആവശ്യമെങ്കിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്നാണ് വിവരം. ഡി.എൻ.എ പരിശോധനാ ഫലം എത്താൻ വൈകുന്നത് കേസുകളുടെ അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിന് വിലങ്ങു തടിയായിട്ടുണ്ട്.