കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്: അപ്രോച്ച് റോഡ് സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തിൽ

Monday 11 August 2025 1:09 AM IST
നിർമ്മാണം പൂർത്തിയായ കാങ്കകടവ് റഗുലേറ്റർ കം ബ്രിഡ്ജ്‌

പാലക്കാട്: മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ യാഥാർത്ഥ്യമാക്കുന്ന കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ഭാഗമായ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തിൽ. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വില നിർണയ പ്രക്രിയ പൂർത്തിയാകുന്ന മുറയ്ക്ക് നവംബറോടെ സ്ഥലം ഏറ്റെടുത്ത് 2026 ഫെബ്രുവരിയോടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കാങ്കകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിർമ്മാണം കൂടി പൂർത്തിയായാൽ പാലക്കാട് ജില്ലയിൽ നിന്ന് മലപ്പുറം ജില്ലയിലേക്കുള്ള യാത്ര സുഗമമാക്കാനും ദേശീയപാതയിൽ നിന്ന് തൃത്താല ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും. ഇറിഗേഷൻ വകുപ്പിന് കീഴിലാണ് കാങ്കകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം നടക്കുന്നത്.

കിഫ്ബിയിൽ ഉൾപ്പെടുത്തി 102 കോടി വിനിയോഗിച്ചാണ് നിർമ്മാണം പ്രാവർത്തികമാക്കുന്നത്. ഗതാഗതത്തിന് പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിലെ കാർഷിക മേഖലയ്ക്കും വലിയൊരു മുതൽക്കൂട്ടാകാൻ പദ്ധതിക്ക് കഴിയും. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ഇരുമ്പിളിയം പഞ്ചായത്തുകളിലെയും പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറം, ആനക്കര , കപ്പൂർ പഞ്ചായത്തുകളിലെയും കൃഷിക്കും കുടിവെള്ള ആവശ്യങ്ങൾക്കും പദ്ധതി ഗുണകരമാകും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. 418 മീറ്റർ നീളം വരുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന് 11 മീറ്റർ വീതിയാണുള്ളത്. പാലത്തിന്റെ മുകളിൽ ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.