അസ്വാഭാവിക മരണങ്ങൾ, ലാബുകളിൽ കുന്നുകൂടി വിഷപരിശോധന സാമ്പിളുകൾ

Monday 11 August 2025 12:31 AM IST

ആലപ്പുഴ: രാസപരിശോധനാ ലാബുകളിൽ വിഷപരിശോധനയ്‌ക്കുള്ള സാമ്പിളുകൾ കുന്നുകൂടുന്നു. ഇതര വിഭാഗങ്ങളേക്കാൾ മൂന്നിരട്ടി സാമ്പിളുകളാണ് ടോക്സിക്കോളജി വിഭാഗത്തിൽ കെട്ടികിടക്കുന്നത്. അസ്വാഭാവിക മരണം, വിഷം ഉള്ളിൽച്ചെന്നകേസുകൾ, ലഹരി ഉപയോഗം തുടങ്ങിയവ വർദ്ധിക്കുന്നതാണ് കാരണം.

വിഷം ഉള്ളിൽച്ചെന്നതടക്കമുള്ള അസ്വാഭാവിക മരണങ്ങളുടെ കാരണം ഉറപ്പാക്കുന്നതിനായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ആന്തരികാവയവങ്ങളുടെയും രക്തത്തിന്റെയും പരിശോധനകളും ഇവിടെയാണ് നടത്തുന്നത്. പൊലീസ് സർജൻമാരൊഴികെ സംസ്ഥാനത്തെ താലൂക്ക്-ജില്ലാ ആശുപത്രികളിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അന്തിമ നിഗമനത്തിനായി ആന്തരികാവയങ്ങൾ രാസപരിശോധനയ്‌ക്ക് അയക്കുന്നതും സാമ്പിളുകൾ കുന്നുകൂടാൻ കാരണമാകുന്നുണ്ട്. മരിച്ചയാളിൽ വിഷാംശം കടന്നിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

 ഫലം കാത്ത് മൂന്നിരട്ടി സാമ്പിളുകൾ

ഹ്യൂമൻ പോയിസണിംഗ്, അനിമൽ പോയിസണിംഗ്, ബ്ലഡ് ആൾക്കഹോൾ തുടങ്ങിയവയിലുൾപ്പെട്ട തൊണ്ടിമുതലുകളാണ് ഈ വിഭാഗത്തിൽ പ്രധാനമായും പരിശോധിക്കുന്നത്. കീടനാശിനികൾ, കളനാശിനികൾ, വെജിറ്റബിൾ പോയിസണുകൾ, സയനൈഡുകൾ, മയക്കുമരുന്നുകൾ, മെറ്റാലിക് പോയിസണുകൾ എന്നിവയുടെ സാന്നിദ്ധ്യവും പരിശോധിക്കും. അനിമൽ പോയിസണിംഗ് കേസുകളിൽ വെറ്ററിനറി ഡോക്ടർമാർ അയയ്ക്കുന്ന സാമ്പിളുകളും പരിശോധിക്കും. മദ്യപിച്ച് വാഹനമോടിക്കൽ, വാഹനാപകടം തുടങ്ങിയ കേസുകളിൽ ആൽക്കഹോൾ ലെവൽ കണ്ടുപിടിക്കുന്നതിനും രക്തസാമ്പിൾ ടോക്സിക്കോളജി വിഭാഗത്തിലാണയക്കുന്നത്. വിഷബാധയേറ്റ് ചികിത്സയിലുള്ള രോഗികളുടെ രക്തത്തിന്റേയും മൂത്രത്തിന്റേയും സാമ്പിളുകളും ഇവിടെയാണ് പരിശോധിക്കുന്നത്. എറണാകുളത്തെ ലാബിലാണ് കൂടുതൽ കേസുകൾ തീർപ്പാക്കാനുള്ളത്.

കെട്ടിക്കിടക്കുന്ന സാമ്പിളുകൾ

 ആകെ സാമ്പിളുകൾ...........................60,381

 ടോക്സിക്കോളജി......................................36,204

 നാർക്കോട്ടിക്സ്.........................................12,683

 എക്സൈസ്.............................................10,679

ജില്ലയിൽ

 എറണാകുളം ...............................15,486

 തിരുവനന്തപുരം..........................14,541

 കോഴിക്കോട്................................... 6,177

ടോക്സിക്കോളജി വിഭാഗത്തിൽ സാമ്പിളുകൾ കെട്ടിക്കിടക്കുന്നതിന്റെ കണക്കുകൾ സഹിതം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പരിഹാരവും നിർദ്ദേശിച്ചിട്ടുണ്ട്.

- ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്