ഇങ്ങനെപോയാല്‍ അടച്ച്പൂട്ടേണ്ടി വരും; വില വര്‍ദ്ധിപ്പിക്കാതെ രക്ഷയില്ലെന്ന് ഉടമകള്‍

Monday 11 August 2025 12:02 AM IST

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികമുള്ള വ്യവസായങ്ങളിലൊന്ന് നേരിടുന്നത് ഗുരുതര പ്രതിസന്ധി. വിലക്കയറ്റം കാരണം ഹോട്ടല്‍ ഉടമകള്‍ പൊറുതിമുട്ടിയ നിലയിലാണ്. വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തില്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. സാധനങ്ങളുടെ വില താങ്ങാവുന്നതില്‍ കൂടുതല്‍ വര്‍ദ്ധിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

വെളിച്ചെണ്ണയുടേയും ബിരിയാണി അരിയുടേയും വില കുതിക്കുകയാണ്. വെളിച്ചെണ്ണയ്ക്ക് വില 600ന് അടുത്തെത്തി. ബിരിയാണി അരിക്കും വില ഇരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ തന്നെ വിലക്കയറ്റത്തിനെതിരെ സമരത്തിന് തയ്യാറെടുക്കുകയാണ് ഉടമകള്‍. ഇതുവരേയും വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. മൂന്ന് രൂപയുടെ പപ്പടം 500 രൂപയുടെ വെളിച്ചണ്ണയില്‍ പൊരിച്ചുകൊടുക്കേണ്ട അവസ്ഥയാണ്.

ബിരിയാണി അരിയുടെ വില ഒരുമാസം കൊണ്ട് 155 രൂപയോളം കൂടിയിട്ടുണ്ട്. 96 രൂപയുണ്ടായിരുന്ന അരിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 225 രൂപ കൊടുക്കണമെന്ന സ്ഥിതിയുണ്ട്. ഗുണമേന്മയും അളവിലും വിട്ടുവീഴ്ച ചെയ്യാതിരിക്കണമെങ്കില്‍ വില കൂട്ടുകയല്ലാതെ നിവൃത്തിയില്ല. സര്‍ക്കാരുകളോട് ഇക്കാര്യത്തില്‍ നിരവധി തവണ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ വില കൂട്ടരുതെന്ന് മാത്രമാണ് സര്‍ക്കാര്‍ പറയുന്നതെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.