വി.എസ്.സുനിൽകുമാർ സത്യവാങ്മൂലം നൽകണം

Monday 11 August 2025 12:06 AM IST

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിംഗ് ക്രമക്കേട് സംബന്ധിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്.സുനിൽകുമാറിന്റെ പരാതിയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ.യു.ഖേൽക്കർ ആവശ്യപ്പെട്ടു.സമർപ്പിക്കുന്ന തെളിവുകൾ തന്റെ അറിവിലും വിശ്വാസത്തിലും ശരിയാണെന്ന് ബോദ്ധ്യം വേണമെന്നും , തെ​റ്റാണെങ്കിൽ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 227 പ്രകാരം ശിക്ഷാർഹനാണെന്നും കത്തിൽ പറയുന്നു. വി.എസ്.സുനിൽകുമാർ വാർത്താസമ്മേളനത്തിൽ ജില്ലാ വരണാധികാരിയായ കളക്ടർക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ കളക്ടറോടു വിശദീകരണം തേടിയിരുന്നു. തിരഞ്ഞെടുപ്പു സമയത്ത് അദ്ദേഹവും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവീനർ അടക്കമുള്ളവരും നൽകിയ പരാതിയിൽ ജില്ലാ വരാണാധികാരി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് ഇക്കാര്യങ്ങൾ പരിശോധിക്കുകയും എല്ലാം സുതാര്യമാണെന്ന് മറുപടി നൽകുകയും ചെയ്തിരുന്നു. തുടർന്നും വോട്ടിംഗ് ക്രമക്കേടിൽ ഉറച്ചു നിൽക്കുന്ന പക്ഷം സത്യവാങ്മൂലമായി സമർപ്പിക്കാനാണ് നിർദ്ദേശിച്ചത്.സുനിൽകുമാറിന്റെ ആദ്യത്തെ ആരോപണങ്ങൾ ജില്ലാ വരണാധികാരിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറും തള്ളിയിരുന്നു. എന്നാൽ, കൂടുതൽ ആരോപണങ്ങളുമായി വീണ്ടും സുനിൽകുമാർ രംഗത്തെത്തിയതിനു പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ കത്ത്.