ലഹരിക്കെതിരെ ശക്തമായ മുന്നേറ്റം വേണം: കെ.സി

Monday 11 August 2025 12:07 AM IST

ആലപ്പുഴ: ലഹരിക്കെതിരെ ശക്തമായ മുന്നേറ്റം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ എം.പി. ലഹരിക്കെതിരെ പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തിൽ രമേശ് ചെന്നിത്തല എം.എൽ.എയുടെ നേതൃത്വത്തിലുള്ള സമൂഹനടത്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'വാക്ക് എഗൻസ്റ്റ് ഡ്രഗ്‌സ്' സന്ദേശം ഉയർത്തിയായിരുന്നു സമൂഹ നടത്തം. ആലപ്പുഴ ഗവ. ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിച്ച സമൂഹ നടത്തം ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. ശബരിമല മുൻ മേൽശാന്തി നീലിമന പരമേശ്വരൻ നമ്പൂതിരി, ബി.കെ.ബാദുഷ സഖാഫി, പി.എ. ഷിഹാബുദിൻ മുസലിയാർ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ, ഫാ.സേവ്യർ കുടിയാംശേരി തുടങ്ങിയ പ്രമുഖർ റാലിയിൽ പങ്കെടുത്തു. വിവിധ സ്കൂൾ എൻ.സി.സി, എൻ.എസ്.എസ് കേഡറ്റുകളും റോട്ടറി ക്ലബ്ബ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളും റാലിയുടെ ഭാഗമായി. കടപ്പുറത്ത് വിജയ പാർക്കിന് സമീപത്തായി റാലി സമാപിച്ചു. ഹരിപ്പാട് ഗാന്ധി ഭവനിലെ മുതിർന്ന അന്തേവാസികൾ പൂച്ചെണ്ട് നൽകി രമേശ് ചെന്നിത്തലയെ സ്വീകരിച്ചു. താൻ മന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി പോലുള്ള മുന്നേറ്റം ഉണ്ടാകണമെന്ന് ചെന്നിത്തല പറഞ്ഞു. തുടർന്ന് അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി.