കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കെ.എസ്.യു
Monday 11 August 2025 12:16 AM IST
തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെ.എസ്.യു നേതാവ്. ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂരാണ് തൃശൂരിൽ നിന്നുള്ള എം.പിയായ സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനു ശേഷമാണ് കാണാതായതെന്നും തിരോധാനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.
സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ദില്ലിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്ന് ആശങ്ക!" എന്നായിരുന്നു മാർ യൂഹാനോൻ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനു പിന്നാലെയാണ് എം.പിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് കെ.എസ്.യു പൊലീസിനെ അറിയിച്ചത്.