തിര. കമ്മിഷന് നിശബ്ദത പാലിക്കാനാകില്ല: മന്ത്രി രാജൻ

Monday 11 August 2025 12:18 AM IST

തൃശൂർ: വോട്ട് ക്രമക്കേടുകളെ സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾക്ക് ലോകം ഉള്ളിടത്തോളം കാലം ആർക്കും നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ. രാജൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളോട് മറുപടി പറയേണ്ടി വരും. ഇല്ലെങ്കിൽ സമരമുണ്ടാകും. റവന്യു ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗമായാൽ ഉത്തരവാദിത്വം റവന്യു വകുപ്പിനില്ല. കമ്മിഷനാണ്. അതിനാൽ ഉദ്യോഗസ്ഥർ ചെയ്യുന്ന തെറ്റുകൾക്ക് ഉത്തരവാദി റവന്യു വകുപ്പാണ് അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പാണെന്ന് പറയുന്നതിൽ ന്യായമില്ല. കൃത്രിമങ്ങൾ ജനാധിപത്യപരമായി അംഗീകരിക്കാനാകില്ല. സംവിധാനം കർശനമായി പരിശോധിക്കാൻ നടപടിയുണ്ടാകണം. തൃശൂർ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റ് ക്രമക്കേട് ഇടതുമുന്നണി അറിയിച്ചിരുന്നു. ആ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.