പൊള്ളലേറ്റ കുട്ടിയെ മന്ത്രി സന്ദർശിച്ചു
Monday 11 August 2025 12:18 AM IST
കൊല്ലം: രണ്ടാനച്ഛൻ തേപ്പ് പെട്ടിക്ക് പൊള്ളലേൽപ്പിച്ച മൂന്നാം ക്ളാസ് വിദ്യാർത്ഥിയെ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ചു. കൊല്ലത്തെ ബന്ധുവീട്ടിലെത്തിയാണ് നേരിൽ കണ്ടത്. സംഭവത്തിൽ ചവറ തെക്കുംഭാഗം പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുട്ടിക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായി കുട്ടിയുടെ കാര്യങ്ങൾ അന്വേഷിക്കും. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 6ന് രാത്രി തെക്കുംഭാഗത്തെ വാടകവീട്ടിൽ വച്ചായിരുന്നു രണ്ടാനച്ഛന്റെ ക്രൂരത. മൊബൈൽ ഫോൺ ചാർജറിന്റെ വയർകൊണ്ട് അടിച്ച ശേഷം തേപ്പ് പെട്ടി ചൂടാക്കി ഇടത് കാലിന്റെ മുട്ടിന് താഴെ പൊള്ളലേൽപ്പിക്കുകയായിരുന്നു.