സാങ്കേതിക തകരാർ: തിരുവനന്തപുരം - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിംഗ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. റഡാറിലുണ്ടായ സിഗ്നൽ തകരാറിനെ തുടർന്നാണിത്. എം.പിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ എന്നിവരും തമിഴ്നാട്ടിൽ നിന്നുള്ള റോബർട്ട് ബ്രൂസും വിമാനത്തിലുണ്ടായിരുന്നു.
ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെ മറ്റൊരു വിമാനം റൺവേയിലുണ്ടായിരുന്നതായും സൂചനയുണ്ട്.
വിമാനം ബംഗളൂരു വ്യോമപാതയിലെത്തിയപ്പോഴാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. നാലുതവണ പ്രദേശത്ത് വട്ടമിട്ടുപറന്നതിനു ശേഷമാണ് അടിയന്തര ലാൻഡിംഗിന് അനുമതി ലഭിച്ചത്. മറ്റൊരു വിമാനം റൺവേയിലുണ്ടായിരുന്നത് സംശയാസ്പദമാണെന്നും ഒഴിവായത് വൻ ദുരന്തമാണെന്നും എം.പിമാർ പ്രതികരിച്ചു. മുൻ കരുതലായാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നും സാങ്കേതിക തകരാർ മാത്രമാണ് പ്രശ്നമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിക്കാൻ ശ്രമിക്കുന്നതായി വ്യക്തമാക്കി.