അമ്മയായാൽ ഇങ്ങനെ വേണം, മകനുവേണ്ടി കേസ് വാദിക്കാൻ നിയമം പഠിച്ചത് തൊണ്ണൂറാം വയസിൽ
ഷെജിയാങ്: സാമ്പത്തിക തട്ടിപ്പുകേസിൽ അകപ്പെട്ട മകനുവേണ്ടി 90കാരി അമ്മയുടെ നിയമ പോരാട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിൽ നിന്നുള്ള ഹി എന്ന സ്ത്രീയാണ് 55കാരനായ മകൻ ലിനിനു വേണ്ടി സ്വന്തമായി നിയമം പഠിച്ച് കേസ് വാദിക്കുന്നത്. 2023 ഏപ്രിലിലാണ് ലിൻ തട്ടിപ്പുകേസിൽ അറസ്റ്റിലായത്. ഒരു വർഷമായി മകനെ വളരെയധികം മിസ് ചെയ്തതിനാലാണ് നിയമം പഠിച്ച് കേസ് വാദിക്കാൻ തീരുമാനിച്ചതെന്ന് കുടുംബം പറയുന്നു.
ഗ്യാസ് ഉൽപ്പാദന വ്യവസായത്തിൽ ബിസിനസ് പങ്കാളികളായിരുന്ന ഹുവാങിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നതാണ് ലിനിനെതിരെയുള്ള കേസ്. 2014നും 2017നും ഇടയിൽ ലിനും അദ്ദേഹത്തിന്റെ അക്കൗണ്ടന്റും നികുതി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഹുവാങിനെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. 17 മില്യൺ യുവാൻ തട്ടിയെടുത്തതായി അവകാശപ്പെട്ട് പിന്നീട് ലിനിനെതിരെ പരാതിയുമായി ഹുവാങ് പൊലീസിനെ സമീപിക്കുകയായിരുന്നു.
ബിസിനസ് പങ്കാളികളായിരുന്നിട്ടും ഹുവാങ് പലപ്പോഴും ലിനിന് പണം നൽകിയിരുന്നില്ല. 2009 ൽ 1.1 ബില്യൺ ഡോളർ ആസ്തിയുള്ള ചൈനയിലെ ഏറ്റവും മികച്ച 100 ധനികരിൽ ഒരാളായിരുന്നു ഹുവാങ്. എന്നിട്ടു പോലും ഹുവാങ് കൃത്യസമയത്ത് പണം നൽകാൻ തയ്യാറായില്ല. ഇത് ലിനിന്റെ ബിസിനസുകൾക്ക് നഷ്ടം വരുത്തിവയ്ക്കുകയും കടബാധ്യതകളിലേക്ക് തള്ളി വിടുകയും ചെയ്തു.
പ്രായത്തെയും ആരോഗ്യത്തെയും വകവയ്ക്കാതെയാണ് ലിനിന്റെ അമ്മ കേസ് വാദിക്കാൻ ഇറങ്ങിതിരിച്ചിരിക്കുന്നത്. ദിവസവും കോടതിയിൽ ഹാജരായി കേസ് ഫയലുകൾ അവലോകനം ചെയ്യുകയും മകന്റെ പ്രതിവാദത്തിനായി തയ്യാറെടുക്കാൻ നിയമം മനഃപാഠമാക്കുകയും ചെയ്തു. മറ്റുള്ളവരുടെ ഉപദേശം കേൾക്കാൻ നിൽക്കാത്ത ഒരു "ശാഠ്യക്കാരി സ്ത്രീ" എന്നാണ് ഹിയുടെ ചെറുമകൾ അവരെ വിശേഷിപ്പിച്ചത്.
ജൂലായ് 30ലെ വാദം കേൾക്കലിനിടെ തന്റെ മകനെ വിലങ്ങു വച്ച് കണ്ടപ്പോൾ മനസ് തളർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടുപോലും അവർ വൈദ്യസഹായം നിരസിക്കുകയും കോടതിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയുമായിരുന്നു. ഷെജിയാങ് പ്രവിശ്യയിലെ ഷൗഷാൻ മുനിസിപ്പൽ ഇന്റർമീഡിയറ്റ് കോടതിയിലാണ് വിചാരണ നടക്കുന്നത്.