സ്വർണവില ഒറ്റയടിക്ക് താഴേയ്ക്ക്; ഇന്നുണ്ടായത് വൻഇടിവ്, ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റയടിക്ക് സ്വർണവിലയിൽ വൻഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 9,375 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 75,560 രൂപയും ഗ്രാമിന് 9,445 രൂപയുമായിരുന്നു. ഈ മാസത്തിന്റെ ആരംഭത്തോടെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
ഓഗസ്റ്റ് എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 75,760 രൂപയും ഗ്രാമിന് 9,470 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു വില.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ നയത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ സ്വർണവിലയിൽ അടിക്കടി മാറ്റങ്ങൾ സംഭവിക്കുന്നത്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകണം. ഓണം, വിവാഹ സീസണുകളിലെ സ്വർണവിലയിലെ മാറ്റങ്ങൾ ഉപഭോക്താക്കളെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നുവെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
അതേസമയം, ഇന്ന് സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 127 രൂപയും ഒരു കിലോഗ്രാമിന് 1,27,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.