ഒരു കുപ്പി പാലിന് 396 രൂപ, ഒരു പാക്കറ്റ് ബ്രെഡിന് 230 രൂപ; ഇവിടെ ജീവിക്കുന്നവരുടെ പോക്കറ്റ് എളുപ്പത്തിൽ കാലിയാകും

Monday 11 August 2025 11:28 AM IST

ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ വാങ്ങാൻ വിദേശരാജ്യങ്ങളിൽ ചെലവാകുന്ന പണത്തിന്റെ വിവരങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. കൂടുതലും ഇന്ത്യയിൽ നിന്നുളള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരാണ് ഞെട്ടിപ്പിക്കുന്ന വിലവിവരങ്ങൾ പങ്കുവയ്ക്കാറുളളത്. അത്തരത്തിൽ കാനഡയിൽ നിന്ന് ഒരു ഇന്ത്യൻ വനിത പോസ്​റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കാനഡയിൽ ബ്രെഡും പാലും വാങ്ങിയിട്ട് ബില്ല് കിട്ടിയപ്പോൾ ആരെങ്കിലും അതിശയിച്ചുപോയോ? എന്നാൽ ഇന്ത്യയിലെയും കാനഡയിലെയും സാധനങ്ങളുടെ വിലയിലെ വ്യത്യാസങ്ങൾ കേട്ട് അതിശയിക്കാൻ തയ്യാറാകൂവെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ഒരു മാളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴുണ്ടായ അനുഭവമാണ് യുവതി വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.

ഒരു കോളിഫ്ളവറിന് 3.75മൂന്ന് ഡോളർ (237.25 രൂപ), വലിയ ഇഞ്ചിക്ക് 2.87 ഡോളർ (177.30 രൂപ), ഒരു ക്യാര​റ്റിന് 1.06 ഡോളർ (66.88 രൂപ),ഒരു മാങ്ങയ്ക്ക് 1.68 ഡോളർ (106 രൂപ), ഒരു ആപ്പിളിന് 1.25 ഡോളർ (78.87 രൂപ),ഒരു ഉരുളക്കിഴങ്ങിന് 1.24 ഡോളർ (78.24 രൂപ), നാല് ലി​റ്റർ പാലിന് 6.28 ഡോളർ (396.25 രൂപ), ഒരു പാക്ക​റ്റ് ബ്രെഡിന് 3.64 ഡോളർ (230 രൂപ ) എന്നിങ്ങനെയാണ് വിലവിവരം.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവിധതരത്തിലുളള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഞങ്ങളുടെ രാജ്യത്ത് മല്ലിയില കടകളിൽ നിന്ന് സൗജന്യമായിട്ടാണ് ലഭിക്കുന്നതെന്നാണ് ഒരാൾ പ്രതികരിച്ചത്. ഡോളർ ഇന്ത്യൻ രൂപയിലേക്ക് മാ​റ്റുമ്പോൾ 60 രൂപയാണെന്നാണ് മ​റ്റൊരാൾ കമന്റ് ചെയ്തത്. വിലയിൽ വലിയ മാ​റ്റമുണ്ടെങ്കിലും ഇന്ത്യയിലെ ഉൽപ്പന്നത്തെക്കാളും ഗുണമേൻമ കാണുമെന്നാണ് മറ്റുചിലരുടെ പ്രതികരണം.