മട്ടനും ചിക്കനും മാത്രമല്ല, ഇറങ്ങുമ്പോൾ കൈനിറയെ പണവും കിട്ടും; ഇതാണ്‌ ജയിലിലെ ജോലി ചെയ്‌താൽ തടവുകാർക്ക് ലഭിക്കുന്ന പ്രതിഫലം

Monday 11 August 2025 12:58 PM IST

തൃശൂർ: കൊടും കുറ്റവാളികൾക്ക് സെൻട്രൽ ജയിലുകളിൽ വച്ചുവിളമ്പാൻ പ്രതിമാസം ചെലവഴിക്കുന്നത് 84 ലക്ഷം. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ എന്നീ നാല് സെൻട്രൽ ജയിലിലെ കണക്കാണിത്. മറ്റ് ജയിലുകളിലെ കൂടി കണക്കെടുത്താൽ ഇത് പ്രതിമാസം കോടികളാകും.

സുരക്ഷ കുറഞ്ഞാലും തടവുകാരുടെ ആരോഗ്യം കുറഞ്ഞാലും ജയിൽ ഉദ്യോഗസ്ഥർക്ക് പണി കിട്ടുമത്രേ. അങ്കണവാടികളിലും സ്‌കൂളുകളിലും പച്ചക്കറിഭക്ഷണം കൊടുക്കാനില്ലാതെ നെട്ടോട്ടം ഓടുമ്പോഴാണ് ജയിലുകളിൽ മൃഷ്ടാന്ന ഭോജനം വിളമ്പുന്നത്.

തടവുപുള്ളികൾ ജയിലിലെത്തുമ്പോൾ ആരോഗ്യം പരിശോധിച്ച് തൂക്കം ഉൾപ്പെടെ രേഖപ്പെടുത്തും. ആഴ്ചയിലൊരിക്കൽ മട്ടൻ കറി, രണ്ട് ദിവസം മീൻ കറി ഉൾപ്പെടെയാണ് ഭക്ഷണം. തടവുകാരുടെ എണ്ണം വർദ്ധിച്ചതും സാധനങ്ങളുടെ വിലക്കയറ്റവും മൂലമാണ് ചെലവ് അധികരിച്ചത്. ജീവപര്യന്തം തടവുകാരും കാപ്പ ചുമത്തപ്പെട്ടവരും ലഹരിക്കേസിൽ ഉൾപ്പെട്ടവരുമൊക്കെ കഴിയുന്ന സെൻട്രൽ ജയിലുകളിൽ കൂടുതൽ പണം ചെലവിടുന്നത് ഇപ്പോൾ തടവുകാരുടെ ഭക്ഷണത്തിനും അവർ ചെയ്യുന്ന ജോലിക്കുള്ള കൂലിക്കുമായാണ്. പച്ചക്കറികളടക്കം പലതും ജയിലുകളിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പാചകം ചെയ്യുന്നത് തടവുകാരാണ്. തിങ്കളാഴ്ച ചോറിനൊപ്പം മീൻ വറുത്തത്, ബുധനാഴ്ച മീൻ കറി, ശനിയാഴ്ച മട്ടൻ കറി, എല്ലാദിവസവും ഉച്ചയ്ക്ക് ചോറും കറികളും എന്നിങ്ങനെയാണ് മെനു. പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ്, ചോറിന് സാമ്പാർ, തീയൽ, എരിശേരി, അവിയൽ, തോരൻ, രസം, പുളിശേരി, കപ്പപുഴുക്ക് തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നൽകും.

ജോലിക്ക് കൂലി 78 ലക്ഷം

അഞ്ച് ജയിലിലായി തടവുകാർ ചെയ്യുന്ന ജോലികൾക്ക് ശമ്പളം നൽകാൻ 78 ലക്ഷം വേണം. ഇതിലൂടെ വർഷം 48 ലക്ഷം വരുമാനവുമുണ്ട്. പ്രതികളുടെ ശമ്പളം വിവിധ വിഭാഗങ്ങളിലായാണ് നൽകുക. അപ്രന്റീസിന് 63 രൂപയും അർദ്ധവിദഗ്ദ്ധ തൊഴിലാളികൾക്ക് 127 രൂപയും വിദഗ്ദ്ധ തൊഴിലാളികൾക്ക് 150 രൂപയും പെട്രോൾ പമ്പ് തൊഴിലാളികൾക്ക് 170 രൂപയുമാണ് ദിവസവേതനം. ഫുഡ് യൂണിറ്റിൽ ജോലി ചെയ്യുന്നവർക്ക് 148 രൂപ ലഭിക്കും. വിയ്യൂർ ജയിലിൽ ചപ്പാത്തി യൂണിറ്റും കറികളും തടവുകാരാണ് ഉണ്ടാക്കുന്നത്. ഇതിന് വൻ വിൽപ്പനയാണ്. ഇത്തരത്തിൽ മറ്റ് ജയിലുകളിലും വിവിധ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

വിയ്യൂർ ജയിലിൽ സമൃദ്ധമായ ഭക്ഷണമാണ് തടവുകാർക്ക് നൽകുന്നത്. ആടിനെ ജീവനോടെ വാങ്ങിക്കൊണ്ടുവന്ന് തടവുകാർ തന്നെ അറുത്താണ് പാകം ചെയ്യുന്നത്. തടവുപുള്ളികൾക്ക് കൊടുക്കുന്നതിന് ഒരളവുണ്ട്. അത്തരത്തലേ കൊടുക്കാറുള്ളൂ. - പി.കെ.സനോജ്, മുൻ ജയിൽവാർഡൻ