ഗ്രാമങ്ങളിൽ ഇനി കാട്ടുപന്നി ശല്യം വല്ലാതെ കൂടിയേക്കും, ജനങ്ങൾ ശ്രദ്ധിക്കണം
വടക്കഞ്ചേരി: കാട്ടുപന്നി നിർമാർജനത്തിന് വനംവകുപ്പ് പഞ്ചായത്തുകളെ ചുമതലപ്പെടുത്തി കയ്യൊഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളാകട്ടെ ഫണ്ടില്ലെന്ന പേരിൽ ഷൂട്ടർമാർക്ക് കഴിഞ്ഞ നാലു വർഷമായി വേതനം നൽകുന്നുമില്ല. ഇതോടെ ഷൂട്ടർമാർ കാട്ടുപന്നിയെ വെടിവയ്ക്കുന്നതു നിറുത്തിയതോടെ കാട്ടുപന്നികൾ പെരുകുകയും ചെയ്തു.
ഒരു കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടർമാർക്ക് യാത്ര ചിലവ് അടക്കം സർക്കാർ നിശ്ചയിച്ചു നൽകിയ തുക 1500 രൂപയാണ്. ചത്ത കാട്ടുപന്നിയുടെ ജഡം സംസ്‌കരിക്കുന്നതിന് 2000 രൂപയും. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് പഞ്ചായത്തുകൾക്ക് ഇതിനായി ഒരു ലക്ഷം രൂപ വരെ പ്രതിവർഷം ചെലവഴിക്കാനുള്ള അനുമതിയും നൽകി. പഞ്ചായത്തുകൾ ഫണ്ട് ലഭ്യമായില്ലെന്നും മറ്റും പറഞ്ഞ് കഴിഞ്ഞ നാലുവർഷമായി ഷൂട്ടർമാർക്ക് പ്രതിഫലം നൽകുന്നില്ല. ഇതോടെ കാട്ടുപന്നികളുടെ ഒഴിവാക്കുന്നതിന് കർഷകർ പിരിവെടുത്ത് തുക സമാഹരിച്ചാണ് അംഗീകൃത ഷൂട്ടർമാർക്ക് വാഹനം ഏർപ്പാടാക്കി നൽകുന്നതും ജഡം സംസ്‌കരിക്കുന്നതിനുള്ള ചെലവ് കണ്ടെത്തുന്നതും. ഇതോടെ കൃഷി സംരക്ഷണവും കാട്ടുപന്നി നിർമാർജനവും കർഷകരുടെ മാത്രം ബാധ്യതയായി.
വനം വകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാർ കഴിഞ്ഞ നാലു വർഷത്തിനിടെ നെന്മാറ പഞ്ചായത്തിൽ120 പന്നികളെയും, അയിലൂരിൽ 70 പന്നികളെയും വെടിവെച്ചു കൊന്നെങ്കിലും ഒരു രൂപ പോലും പഞ്ചായത്തുകൾ തുക അനുവദിച്ച നൽകാത്തതിനാൽ ഷൂട്ടർമാർ കാട്ടുപന്നി വെടിവെക്കൽ നിറുത്തിവച്ചിരിക്കുകയാണ്.
കാട്ടുപന്നിയെ വെടിവെക്കാൻ ഉപയോഗിക്കുന്ന നിശ്ചിത വലിപ്പമുള്ള തോക്കിൽ ഉപയോഗിക്കുന്ന തോട്ടയ്ക്ക് 200 രൂപയോളം വിലയുണ്ട്. ഒരു കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് രണ്ടോ മൂന്നോ തോട്ട വേണ്ടിവരും. പലപ്പോഴും ഒരു പന്നിയെ വെടിവയ്ക്കുന്നതിന് രണ്ടും മൂന്നും ദിവസം ചെലവിടേണ്ടി വരും. ഇതിനായി ഷൂട്ടർമാർക്ക് തോക്കും മറ്റ് സാമഗ്രികളുമായി വരുന്നതിന് ജീപ്പ് വാടക നൽകേണ്ടിവരും ഇതും കർഷകർക്ക് ബാധ്യതയാണ്. ഇത്തരം ബാധ്യത ഏറ്റെടുക്കാൻ കഴിയാതെ വന്നതോടെയാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ ഷൂട്ടർമാർ തയ്യാറാവാത്തത്.
പഞ്ചായത്തുകളിൽ ഷൂട്ടർമാർ തുക ആവശ്യപ്പെടുമ്പോൾ പുതിയ നിബന്ധന പറഞ്ഞാണ് പഞ്ചായത്ത് അധികൃതർ ഷൂട്ടർമാരെ നിരുത്സാഹപ്പെടുത്തുന്നത്. കാട്ടുപന്നിയെ വെടിവെച്ച് കൊന്നശേഷം പഞ്ചായത്ത് അധികൃതരെ വിളിച്ചുവരുത്തി അവർ ഫോട്ടോയെടുത്ത് രേഖകളിൽ ഉൾപ്പെടുത്തിയാൽ മാത്രമേ തുക തരികയുള്ളൂ എന്നാണ് പുതിയ നിബന്ധന. രാത്രി സമയങ്ങളിൽ ഇതിനായി പഞ്ചായത്ത് ജീവനക്കാരെ വിളിച്ചാൽ വരാനോ തയ്യാറാവില്ല.