ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു; സംഭവം തൃശൂരിൽ

Monday 11 August 2025 3:40 PM IST

തൃശൂർ: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനി (74)​ ആണ് മരിച്ചത്.തൃശൂരിൽ ഇന്ന് രാവിലെ 10.14നായിരുന്നു അപകടം. പൂവത്തൂരിലേക്കുള്ള 'ജോണീസ്' ബസിൽ വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പൂച്ചക്കൂന്ന് സ്റ്റോപ്പിൽ നിന്നാണ് നളിനി ബസിൽ കയറിയത്. നളിനി കയറിയ ഉടൻ തന്നെ കണ്ടക്ടർ വാതിൽ അടച്ചു.

ആദ്യം ഡ്രെെവറുടെ പിറകിലെ കമ്പിയിൽ പിടിച്ചുനിന്ന നളിനി പിറകിൽ സീറ്റുണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങോട്ടു പോകുകയായിരുന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ ബാലൻസ് തെറ്റി നളിനി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചുവീണു. കണ്ടക്ടർ കെെയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വാതിലിലിടിച്ച് വാതിൽ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയും ചെയ്തു. ഉടൻ തന്നെ ബസ് നിർത്തി നളിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.